റായ്പുർ: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റിലായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ ജ്യോതി ശർമ്മ തങ്ങളെ നിർബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നു നാരായൺപുർ സ്വദേശിനിയായ യുവതി. ജ്യോതി ശർമ്മ എന്ന സ്ത്രീ താനുൾപ്പെടെയുള്ള മൂന്ന് യുവതികളെയും ഭീഷണിപ്പെടുത്തിയെന്നായിരു്നനു യുവതിയുടെ വെളിപ്പെടുത്തൽ. ഒരു ദേശീയമാധ്യമത്തോടാണു യുവതി ഇക്കാര്യം തുറന്നുപറഞ്ഞത്. ബജ്റംഗ്ദൾ പ്രവർത്തകർ പറഞ്ഞതനുസരിച്ചാണു പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നും യുവതി വെളിപ്പെടുത്തി.
‘‘കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിലെ ഒരു ആശുപത്രിയിൽ പാചകത്തിനും രോഗികളെ പരിചരിക്കുന്നതിനുമായാണു മാണ്ഡവി എനിക്ക് ജോലി വാഗ്ദാനം ചെയ്തത്. ഭക്ഷണം, വസ്ത്രം, താമസം എന്നിവയ്ക്കു പുറമേ 10,000 രൂപയും അവർ വാഗ്ദാനം ചെയ്തു. അതിൽ ഞാൻ സന്തോഷവതിയായിരുന്നു. രാവിലെ 6 മണിയോടെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ. അവർക്കൊപ്പം മാണ്ഡവിയും ഉണ്ടായിരുന്നു. രാവിലെ 9 മണിയോടെ, കന്യാസ്ത്രീകൾ എത്തി.
ഞങ്ങൾ എത്തി അധികം താമസിയാതെ, ഒരു ബജ്റംഗ്ദൾ പ്രവർത്തകനും ജിആർപിയും സ്ഥലത്തെത്തി ചോദ്യം ചെയ്യാൻ തുടങ്ങി. അവർ ഞങ്ങളെ റെയിൽവേ പേലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഞങ്ങളെ ഒരുപാട് ശകാരിച്ചു, ജ്യോതി ശർമ്മ എന്റെ മുഖത്ത് രണ്ടുതവണ അടിച്ചു. ഞങ്ങൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ നിങ്ങളുടെ സഹോദരങ്ങളെ ജയിലിലടയ്ക്കുമെന്നും അവരെ ആക്രമിക്കുമെന്നും അവൾ പറഞ്ഞു’’ – യുവതി പറഞ്ഞു.
‘‘അവർ ഞങ്ങളെ ബലപ്രയോഗത്തിലൂടെ ഇവിടെ കൊണ്ടുവന്നതാണെന്ന് ഞങ്ങളോട് പറയാൻ പറഞ്ഞു. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാൻ വന്നതെന്നും എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്നും ഞാൻ അവരോട് പറഞ്ഞു. ഞാൻ ആദ്യമായിട്ടാണ് ആ കന്യാസ്ത്രീകളെ കാണുന്നത്. ഞങ്ങൾ ആക്രമിക്കപ്പെട്ടപ്പോൾ, ഒരു കന്യാസ്ത്രീ പറഞ്ഞു, ‘വിഷമിക്കേണ്ട, ഞാൻ നിങ്ങളോടൊപ്പമുണ്ട്’ എന്ന്. ഞങ്ങളെ അടിക്കുന്ന ആളോട് യുവതികളെ അടിക്കരുതെന്നും പകരം ഞങ്ങളെ അടിക്കുവെന്നും കന്യാസ്ത്രീ പറഞ്ഞു’’ – യുവതി പറഞ്ഞു.
അതേസമയം ദുർഗിലെ ഷെൽട്ടർ ഹോമിൽ അഞ്ച് ദിവസം താമസിച്ചതിനു ശേഷം ബുധനാഴ്ചയാണ് 21 കാരിയായ ആദിവാസി യുവതി നാരായൺപൂർ ജില്ലയിലെ തന്റെ വീട്ടിലെത്തിയത്. പിന്നാലെ മാധ്യമങ്ങളോട് അറസ്റ്റിലായ കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരും നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും യുവതി പറഞ്ഞു. ദുർഗ് റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളോടൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്നും യുവതി വെളിപ്പെടുത്തി. ജ്യോതി ശർമ്മ തന്നെ ആക്രമിച്ചുവെന്നും യുവതി വെളിപ്പെടുത്തി.
അതേസമയം ദുർഗിലെ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും അവർ ആരോപിച്ചു. പകരം, ബജ്‌റംഗ്ദൾ അംഗങ്ങൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയതെന്നും യുവതി ആരോപിച്ചു