സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ അതീവ ഗുരതരാവസ്ഥയിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടു. ഇപ്പോൾ സിഡ്നിയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ശ്രേയസ് അപകടനില തരണംചെയ്തതായണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്ക് ശേഷം മറ്റു താരങ്ങളോടൊപ്പം ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന ശ്രേയസ് സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പി.ടി.ഐ (PTI) റിപ്പോർട്ട് ചെയ്യുന്നു. ശ്രേയസിന് ആന്തരിക രക്തസ്രാവം (Internal Bleeding) ഉണ്ടായതായി പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ട് ദിവസമായി താരം ഐസിയുവിൽ (ICU) പ്രവേശിപ്പിച്ചിരിക്കുന്നത്.
ജീവന് തന്നെ ഭീഷണിയുയർത്തിയ അവസ്ഥ
റിപ്പോർട്ടുകൾ പ്രകാരം, ഡ്രസ്സിംഗ് റൂമിൽ വച്ച് ശ്രേയസിന്റെ ജീവനാഡികൾ നിശ്ചലമാകുന്ന അവസ്ഥയിലേക്ക് എത്തിയതിനെ തുടർന്ന് ഉടൻതന്നെ ചികിത്സ ലഭ്യമാക്കുകയായിരുന്നു. അടിയന്തര ചികിത്സ ലഭിച്ചിരുന്നില്ലെങ്കിൽ സ്ഥിതി മാരകമായി മാറുമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. 30വയസുകാരനായ ശ്രേയസ് ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടിവരുമെന്നാണ് സൂചന. പൂർണ്ണ ആരോഗ്യനില കൈവരിച്ചാൽ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി ലഭിക്കുകയുള്ളു എന്നാണ് ലഭിക്കുന്ന വിവരം.
“കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിലാണ്. പരിശോധനകൾക്ക് ശേഷം ആന്തരിക രക്തസ്രാവം കണ്ടെത്തി. അതിനാൽ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ഏഴ് ദിവസം വരെ നിരീക്ഷണത്തിൽ തുടരുമെന്നും രക്തസ്രാവം മൂലമുള്ള ഇൻഫെക്ഷൻ തടയേണ്ടതുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ടീമിന്റെ ഡോക്ടറും ഫിസിയോയും ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ ഇപ്പോൾ അപകടനില തരണം ചെയ്തിരിക്കുകയാണ്. സ്ഥിതി സ്ഥിരമായിരിക്കുകയാണ്, പക്ഷേ അത് അതീവ അപകടകരമായ സാഹചര്യം ആയിരുന്നു. ഷ്രേയസ് ധൈര്യശാലിയാണ്, ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”
ദക്ഷിണാഫ്രിക്ക പരമ്പരയിൽ പങ്കെടുക്കുമോ?
ശ്രേയസ് അയ്യർ എപ്പോൾ ടീമിനൊപ്പം ചേരുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്ന നിലപാടിലാണ് ടീം അധികൃതർ. നവംബർ 30ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിൽ അയ്യർ പങ്കെടുക്കുമോ എന്ന കാര്യത്തിലും ഇപ്പോൾ വ്യക്തതയില്ല. പരിക്ക് ഭേദമാകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്.
മത്സരത്തിനിടെ അലക്‌സ് കെയറിയുടെ ക്യാച്ച് എടുക്കുന്നതിനിടെയായിരുന്നു ശ്രേയസ്സിന് പരിക്കേറ്റത്. പിന്മാറി ഓടി ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹം തെന്നി വീണ് നെഞ്ചിന്റെ ഭാഗത്ത് അടിയേറ്റതാണ് ഗുരുതര പരിക്ക് ഉണ്ടാക്കിയത്.














































