കൊച്ചി: ഷൈൻ ടോം ചാക്കോ പ്രതിയായ 2015ലെ കൊക്കെയ്‌ൻ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ. അന്നു മൂന്നാം പ്രതിയായ ഷൈൻ ഉൾപ്പെടെ എട്ടുപേരായിരുന്നു കേസിലെ പ്രതികൾ. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഈ കേസ് വീണ്ടും വെളിച്ചം കാണാനൊരുങ്ങുകയാണ്.
വിചാരണക്കോടതി ഷൈൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കി ഉത്തരവിട്ടത് രണ്ട് മാസം മുമ്പാണ്. വിധിയുടെ പകർപ്പ് പുറത്തുവന്നത് കഴിഞ്ഞയാഴ്‌ചയാണ്. അതിലെ വിശദാംശങ്ങൾ പഠിച്ചശേഷമാണ് വിചാരണക്കോടതി പ്രോസിക്യൂഷൻ അഭിഭാഷകൻ ഇപ്പോൾ ഹൈക്കോടതിയുടെ എജി ഓഫീസിലേക്ക് അപ്പീൽ നൽകാൻ തീരുമാനിച്ചത്. തുടർന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലേക്ക് ഇത് കൈമറും. ഇതിൽ വിശദമായ പരിശോധനയ്‌ക്ക് ശേഷം കേസിൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നാണ് വിവരം. കൂടാതെ അന്വേഷണത്തിൽ പോലീസ് സേനയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ചകൾ ഉൾപ്പെടെ പരിശോധിക്കും.
അതേസമയം കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്‌ത കൊക്കെയ്‌ൻ കേസിലായിരുന്നു ഷൈൻ ടോം ചാക്കോ പ്രതിയായിരുന്നത്. കലൂർ – കടവന്ത്ര റോഡിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോയും നാല് മോഡലുകളും ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്. എട്ടുഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്നു പിടിച്ചെടുത്തു എന്നായിരുന്നു കേസ്. പിന്നീട് ഇവർക്ക് കൊക്കെയ്ൻ വിതരണം ചെയ്ത നൈജീരിയൻ സ്വദേശി, ചെന്നൈ സ്വദേശികളായ രണ്ടു പേർ തുടങ്ങിയവരും അറസ്റ്റിലായി.
പക്ഷെ 10 വർഷത്തിന് ശേഷം എല്ലാവരേയും വിട്ടയച്ചുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. അന്വേഷണം നടപടിക്രമങ്ങൾ പാലിച്ച് പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ചപറ്റിയെന്നും പിടിച്ചെടുത്ത ലഹരി മരുന്നിന്റെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു കോടതി വിധി. വനിതകളെ പരിശോധിക്കുമ്പോൾ ഗസറ്റഡ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ ഇത് ഇവിടെ പാലിക്കപ്പെട്ടില്ല. സ്ഥലത്തുണ്ടായിരുന്നത് ഗസറ്റഡ് റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥനായിരുന്നു.
മാത്രമല്ല റെയ്ഡ് നടത്തിയവരും പിന്നീട് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെയുമൊക്കെ മൊഴികളിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസ് സംശയാതീതമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല. അന്വേഷണം നടപടിക്രമങ്ങൾ പാലിച്ച് പൂർത്തിയാക്കുന്നതിൽ പോലീസിന് വീഴ്ചപറ്റി. പിടിച്ചെടുത്ത കൊക്കൈയ്‌നിലെ ക്ലോറൈഡ് ഉൾപ്പടെയുള്ള ഘടകങ്ങൾ കൃത്യമായി വേർതിരിച്ച് ഫൊറൻസിക് സയൻസ് ലാബിൽ പരിശോധന നടത്തിയില്ല.
കൂടാതെ ഫ്ലാറ്റിലെ പരിശോധനയിൽ പോലീസ് കണ്ടെടുത്ത പല വസ്തുക്കളും സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയില്ല. ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിലാണ് അന്വേഷണഘട്ടത്തിൽ മഹസർ തയാറാക്കിയത്. ഷൈൻ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പോലീസ് ഉദ്യോഗസ്ഥന് ഓർമ്മയില്ല തുടങ്ങി ഒട്ടേറെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി പ്രതികളെ വെറുതെവിട്ടത്.