കോഴിക്കോട്: ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷിംജിത അറസ്റ്റിലായി. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് യുവതി പിടിയിലായത്. ഷിംജിതയെ ഉടന്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. രാജ്യം വിട്ട് പോകാതിരിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നാലെ ഷിംജിത കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്.
അതിനാല്‍ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനിടെയാണ് വടകരയിലെ വീട്ടില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്നെന്ന് ആരോപിക്കുന്ന പയ്യന്നൂരിലെ ബസ് ജീവനക്കാരുടെ മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും.
ബസിലെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു. ജനുവരി 18നാണ് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയത്. ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.
















































