ധാക്ക: അവാമി ലീഗിന്റെ മുതിർന്ന നേതാവിനെ മരണക്കിടക്കയിലും വിലങ്ങണിയിച്ച മുഹമ്മദ് യൂനുസ് സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം. ഷെയ്ഖ് ഹസീന സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന നൂറുൽ മജീദ് മഹമൂദ് ഹുമയൂണിനെ (75) ആണ് ചികിത്സയിലായിരുന്ന സമയത്തും കൈവിലങ്ങണിയിച്ചത്.
കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24നാണ് ഹുമയൂണിനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ ആരോഗ്യം മോശമായ നൂറുൽ മജീദ് ധാക്ക മെഡിക്കൽ കോേളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. പിന്നീട് സെപ്റ്റംബർ 29ന് ഹുമയൂൺ മരിച്ചു.
എന്നാൽ ആശുപത്രിയിൽ ബോധമില്ലാതെ കിടക്കുമ്പോഴും ഹുമയൂണിനെ കൈവിലങ്ങണിയിച്ചിരുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങി. ഇതോടെ വലിയ വിമർശനമാണ് മനുഷ്യാവകാശ പ്രവർത്തകരും നിയമ വിദഗ്ധരും ഉന്നയിക്കുന്നത്.
‘മരണക്കിടക്കയിലുള്ള ഒരു വ്യക്തിയെ വിലങ്ങണിയിക്കുന്നത് അത്യന്തം മനുഷ്യത്വരഹിതവും മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനവുമാണ്’–മനുഷ്യാവകാശ പ്രവർത്തകൻ നൂർ ഖാൻ ലിട്ടൻ ബംഗ്ലദേശ് മാധ്യമങ്ങളോടു പറഞ്ഞു, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണം. 75 വയസ്സുള്ള രോഗിയായ ഒരു മനുഷ്യനെ എങ്ങനെയാണ് അപകടകാരിയും ജയിൽചാടാൻ സാധ്യതയുള്ള വ്യക്തിയുമായി കണക്കാക്കാൻ കഴിയുന്നത്’– അഭിഭാഷകനായ അബ്ദു ഒബൈയ്ദുർ റഹ്മാൻ ചോദിച്ചു.
ഇതിനിടെ, സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഹുമയൂണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ ദിവസങ്ങളിൽ ഉള്ളതാണെന്നു ബംഗ്ലദേശ് ജയിൽ അധികൃതർ പറയുന്നു. ‘പ്രചരിക്കുന്ന ചിത്രങ്ങൾ ഹുമയൂൺ ഐസിയുവിൽ ചികിത്സയിലുള്ള കാലയളവിൽ ഉള്ളതല്ല. മരിക്കുന്നതുവരെ ധാക്ക മെഡിക്കൽ കോളേജിൽ അദ്ദേഹത്തിന് മികച്ച ചികിത്സ നൽകിയിട്ടുണ്ടെന്നും ജയിൽ അധികൃതർ വ്യക്തമാക്കി.