കൊച്ചി: തിരുവാങ്കുളത്ത് മൂന്നരവയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി കുട്ടിയുടെ പിതാവ് സുഭാഷ്. ഒരുതവണ ഐസ്ക്രീമിൽ വിഷം കലർത്തി നൽകി കൊല്ലാൻ ശ്രമിച്ചു. അന്ന് മുതിർന്ന കുട്ടിയും സന്ധ്യയുടെ അമ്മയും കണ്ടതുകൊണ്ട് ആശ്രമം പാളിപ്പോയി. പിന്നീട് കല്ല്യാണിയേയും മൂത്ത കുട്ടിയേയും ടോർച്ച് കൊണ്ട് അടിച്ചു. അന്ന് കുട്ടികളുടെ തല മുഴച്ചിരുന്നു. കൂടാതെ കല്ല്യാണിയെ മുൻപും ഉപദ്രവിച്ചിട്ടുണ്ട്. ഒരിക്കൽ കുട്ടിയുടെ കവിളിൽ അവൾ അടിച്ചതിന്റെ പാട് കണ്ടിരുന്നുവെന്നും സുഭാഷ് പറയുന്നു.
അതേപോലെ സന്ധ്യ അവരുടെ അമ്മയും സഹോദരിയും പറയുന്നതു മാത്രമേ കേൾക്കുവായിരുന്നുള്ളു. അവർ കുട്ടിയെ അപായപ്പെടുത്താൻ എന്തെങ്കിലും പ്ലാൻ ചെയ്തിരുന്നോയെന്നും സംശയമുണ്ടെന്നും സുഭാഷ് മാധ്യമങ്ങളോടു പറഞ്ഞു. താൻ അവളെ ഉപദ്രവിച്ചിട്ടില്ല. അവൾ സ്വന്തം സ്വർണം പണയം വച്ചിട്ട് ഞാൻ വച്ചതാണെന്ന് അവളുടെ വീട്ടിൽ പറഞ്ഞു. എന്നാൽ അതും താൻ ചോദിക്കാൻ പോയില്ല. സന്ധ്യ മാനസിക പ്രശ്നമുള്ളയാളാണെന്ന് തോന്നിയിട്ടില്ല. എല്ലാം വ്യക്തമായി പ്ലാൻ ചെയ്ത് ബുദ്ധിപൂർവം മാത്രമേ പ്രവർത്തിക്കുകയുള്ളു.
കുട്ടികളെ സന്ധ്യ മുൻപും വിളിച്ചുകൊണ്ട് വീടുവിട്ട് പോയിരുന്നു. അതിനു ശേഷം താൻ ഇടപെട്ട് നിർത്തിച്ചു. മക്കളോടും പറഞ്ഞിരുന്നു അമ്മ വിളിച്ചാൽ പുറത്ത് പോകരുതെന്ന്. എന്നാൽ ഇന്നലെ കുട്ടി അങ്കനവാടിയിൽ നിന്ന് വന്നപ്പോൾ ഉറക്കത്തിലായിരുന്നിരിക്കും. അല്ലെങ്കിൽ മകൾ സന്ധ്യയുടെ കൂടെ പേകില്ലായിരുന്നുവെന്നും സുഭാഷ് പറയുന്നു.