തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് നൽകിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. മാറ്റത്തിനാണ് ജനങ്ങൾ വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്. ബി.ജെ.പിക്ക് പോലും വിജയ പ്രതീക്ഷയില്ല. പിന്നെ എന്തുമാറ്റമാണ് അവർക്ക് കൊണ്ടുവരാൻ സാധിക്കുക? കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ പണം വാരിയെറിഞ്ഞ പ്രചാരണം നടത്താൻ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തിൽ ചെലവാകാൻ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാർ രാഷ്ട്രീയ ഭേദമില്ലാതെ യു.ഡി.എഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വർഷത്തെ നേട്ടമെന്ന പേരിൽ എൽ.ഡി.എഫ് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കുമ്പോഴും ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താൻ അവർക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണൽ ഹൈവേ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ ഒന്നിലും എൽ.ഡി.എഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല. വികസനം ആരു നടത്തിയാലും അതു ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. വേൾഡ് സ്റ്റാർട്ടപ്പ് റിപ്പോർട്ടിൽ എൽ.ഡി.എഫ് നൽകിയത് സർക്കാരിന്റെ കണക്കുകൾ മാത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ മുമ്പ് ഇടതു സർക്കാരിന് പിന്തുണച്ചു എഴുതിയ ലേഖനത്തിൽനിന്നും താൻ പിന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തോടുള്ള ഇടത് പാർട്ടികളുടെ നിലപാടിൽ മാറ്റം വരേണ്ടതുണ്ട്. ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്ന പല വികസന പദ്ധതികളും അവർ പ്രതിപക്ഷത്തായിരുന്നപ്പോൾ എതിർത്തവയാണ്. ഇത് കേരളത്തിന്റെ വികസനത്തെ പുറകോട്ട് വലിച്ചു. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കൊപ്പം നിൽക്കാൻ എൽ.ഡി.എഫ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിക്ക് കോൺഗ്രസിനെ അധികാരത്തിൽ നിന്നും മാറ്റി നിർത്തേണ്ടത് അവരുടെ ദേശീയ അജണ്ടയാണ്. അതിന്റെ ഭാഗമായി അവർ പല മണ്ഡലത്തിലും എൽ.ഡി.എഫിന് അനുകൂലമായി അവർ വോട്ടും ചെയ്യും. കോൺഗ്രസിനെ മാറ്റി നിർത്താൽ ബി.ജെ.പിക്കൊപ്പം എൽ.ഡി.എഫ് നിൽക്കുകയും ചെയ്യും. എൽ.ഡി.എഫ്- എൻഡിഎ സ്ഥാനാർത്ഥികളുടെ പട്ടിക പരിശോധിച്ചാൽ ഇത് ആർക്കും മനസിലാക്കാൻ സാധിക്കും. ഈ ഡീൽ ജനം തിരിച്ചറിഞ്ഞതിനാൽ ഫലം കാണില്ല. യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
എഫ്സിആർഎ ഭേദഗതി ബില്ല് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തിരച്ചുകൊണ്ടുവരുമെന്ന കാര്യത്തിൽ സംശയമില്ല. ഈ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമാണ്. ബില്ലിനെ കുറിച്ച് കൂടുതൽ പഠിക്കാൻ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.



















































