ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്തേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ ഉണ്ടായിരുന്ന വിദ്യാർഥി നേതാവിൻറെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വീണ്ടും കലാപ സമാനസാഹചര്യം. ഇങ്ക്വിലാബ് മഞ്ച് നേതാവും പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്.
കഴിഞ്ഞയാഴ്ചയാണ് ഉസ്മാൻ ഹാദിയുടെ തലയിൽ അജ്ഞാതരുടെ വെടിയേൽക്കുന്നത്. തുടർന്ന് സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ വെച്ച് വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. തൻറെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ചെത്തിയ ആക്രമികൾ വെടിയുതിർത്തത്. ഇയാളുടെ മരണവാർത്ത പുറത്തുവന്നതോടെ പ്രതിഷേധക്കാർ തെരുവിലിറങ്ങുകയായിരുന്നു. മാധ്യമസ്ഥാപനങ്ങൾക്കുനേരെയും ആക്രമണം നടന്നു.
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അധികാരത്തിൽനിന്ന് പുറത്തേക്ക് നയിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുൻ നിരയിലുണ്ടായിരുന്ന നേതാവാണ് ഷെരീഫ് ഉസ്മാൻ ഹാദി. മരണവാർത്തയറിഞ്ഞെത്തിയ പ്രതിഷേധക്കാർ രാത്രി വൈകിയും നിരത്ത് കീഴടക്കി. മാധ്യമസ്ഥാപനങ്ങൾക്ക് തീയിട്ടു. ധാക്കയിലെ ഷാബാഗ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തടിച്ചു കൂടിയ പ്രക്ഷോഭക്കാർ വൻ തോതിൽ അക്രമങ്ങളും അഴിച്ചുവിട്ടു. കുറ്റവാളിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും പ്രക്ഷോഭക്കാർ ആരോപിക്കുന്നു.
അതേസമയം പ്രമുഖ ബംഗ്ലാദേശ് പത്രമായ പ്രോഥം അലോയുടേയും ദി ഡെയ്ലി സ്റ്റാറിന്റേയും ധാക്കയിലെ ഓഫീസിനിന് നേരെയും ആക്രമണം ഉണ്ടായി. ഓഫീസിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം കെട്ടിടം അടിച്ചു തകർക്കുകയും തീയിടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഈ സമയത്ത് മാധ്യമപ്രവർത്തകരടക്കം കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മറ്റു നിരവധി മാധ്യമപ്രവർത്തകർക്കുനേരെയും ആക്രമണം നടന്നതായും റിപ്പോർട്ടുകളുണ്ട്.


















































