ആലപ്പുഴ: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വര്‍ണത്തിന് ഡിവൈൻ വാല്യൂ വളരെ കൂടുതലാണെന്നും ഇതിനാൽ തന്നെ വലിയ തുകയ്ക്കായിരിക്കും വിൽപ്പന നടന്നിട്ടുണ്ടാകുകയെന്നും പിന്നിൽ വമ്പൻ സ്രാവുകളാണെന്നും ശിൽപ്പി മഹേഷ് പണിക്കര്‍. വിശ്വാസത്തിന്‍റെ പേരിലുള്ള തട്ടിപ്പാണെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവോടെ തന്നെ വലിയ കൊള്ളയാണ് നടന്നതെന്ന് വ്യക്തമാണ്.
ശബരിമലയിലെ ദൈവിക ചൈതന്യത്തിനാണ് വില. സ്വര്‍ണപ്പാളി ഉള്‍പ്പെടെ വിറ്റിരിക്കാനാണ് സാധ്യത. സ്വര്‍ണം ഉരുക്കി നൽകുന്നതിനേക്കാള്‍ പാളി ഉള്‍പ്പെടെ നൽകുമ്പോഴാണ് മൂല്യം കൂടുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി ഇതിലെ ചെറിയ കണ്ണി മാത്രമാണ്. സിനിമ മേഖലയിലേക്ക് ഉള്‍പ്പെടെ സ്വര്‍ണം പോയിട്ടുണ്ട്.
ശബരിമലയിൽ പൊതിഞ്ഞ സ്വര്‍ണം അതുപോലെ തന്നെയാണ് വിറ്റതെങ്കിൽ 50 കോടിയും 100 കോടിയും നൽകി അത് വാങ്ങാൻ ആളുകളുണ്ട്. സിനിമ നിര്‍മാണ കമ്പനികളടക്കം ആവശ്യക്കാരായിട്ടുണ്ട്. പൗരാണിക പാരമ്പര്യമുള്ള വളരെ പഴക്കം ചെന്ന ക്ഷേത്രമാണ് ശബരിമല. ഇതിനാൽ തന്നെ ഇവിടുത്ത ശിൽപ്പ ഭാഗങ്ങള്‍ സൂക്ഷിച്ചാൽ ശനിദോഷമടക്കമുള്ളവ മാറുമെന്ന വിശ്വാസ തട്ടിപ്പ് നടക്കുന്നുണ്ടെന്നും മഹേഷ് പണിക്കര്‍ പറഞ്ഞു.
















































