തിരുവനന്തപുരം: ‘സാഗരകന്യക’ ശില്പത്തെ പരസ്യചിത്രത്തിൽ വികലമായി ചിത്രീകരിച്ചതിനെതിരേ ശില്പി കാനായി കുഞ്ഞിരാമൻ. നഗരത്തിൽ സ്ഥാപിച്ച പരസ്യ ഹോർഡിങ്ങിലാണ് പ്രശസ്തമായ സാഗരകന്യകയുടെ ചിത്രം അനുമതിയില്ലാതെയും വികലമാക്കിയും ഉപയോഗിച്ചത്. പരസ്യബോർഡ് നീക്കം ചെയ്യണമെന്നാണ് കാനായിയുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും ആവശ്യം. ഒരു ആശുപത്രിയുടെ സ്തനാർബുദ പരിശോധനയെക്കുറിച്ചുള്ള പരസ്യബോർഡാണ് വിവാദമാകുന്നത്.
കാനായി നിർമിച്ച്, ശംഖുംമുഖം കടൽത്തീരത്ത് സ്ഥാപിച്ച ബൃഹദ്ശില്പത്തിന്റെ മുകൾഭാഗമാണ് കൂറ്റൻ ഹോർഡിങ്ങിലുള്ളത്. സ്തനങ്ങളിൽ ഒന്ന് മായ്ച്ചുകളഞ്ഞ രൂപത്തിലാണിത്. സ്തനാർബുദ ചികിത്സയായ മാസ്റ്റെക്ടമി ചെയ്തതിന്റെ അടയാളമാണ് ഈ ഭാഗത്തുള്ളത്. ‘ഒരു മാറ്റം കാണുന്നുണ്ടോ?’ എന്നാണ് പരസ്യത്തിലെ ചോദ്യം.
സാഗരകന്യക സർക്കാരിന്റെ ഉടമസ്ഥതയിലാണെങ്കിലും തന്റെ സൃഷ്ടിയുടെ നേർക്കുള്ള കടുത്ത അവഹേളനമാണിതെന്ന് കാനായി പറഞ്ഞു. സർക്കാരും സാംസ്‌കാരിക പ്രവർത്തകരും ജനങ്ങളും ഇതിനെതിരേ പ്രതികരിക്കണം. എത്രയും പെട്ടെന്ന് ആ പരസ്യബോർഡ് നീക്കംചെയ്യണമെന്നും കാനായി പറഞ്ഞു.