തിരുവനന്തപുരം: പകുതിവിലയ്ക്ക് ഇരു ചക്രവാഹനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഇന്നലെ കണ്ണൂര്‍ ജില്ലയിലെ 4 പോലീസ് സ്റ്റേഷനുകളിലായി 50 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ജില്ലയിലെ ആകെ കേസുകളുടെ എണ്ണം 2102 ആയി.
60 പേരെ പോലീസ് ചോദ്യം ചെയ്തു. ഇരുചക്രവാഹനങ്ങള്‍, ലാപ്‌ടോപ്പ്, ജലസംഭരണി, വീട്ടുപകരണങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍പേര്‍ പണം അടച്ചതെന്ന് പോലീസ് പറഞ്ഞു.
അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ 1200 സ്ത്രീകളാണ് തട്ടിപ്പിനിരയായതായി പരാതി നല്‍കിയത്. വുമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിന്റെ പകുതി തുക അടച്ചാല്‍ സ്ത്രീകള്‍ക്ക് ടൂവീലറുകള്‍ നല്‍കുമെന്നും ബാക്കി പണം കേന്ദ്രസര്‍ക്കാര്‍ സഹായമായും വലിയ കമ്പനികളുടേതടക്കം സിഎസ്ആര്‍ ഫണ്ടായും ലഭിക്കുമെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്. പണം അടച്ചാല്‍ 45 ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ടൂവീലറുകള്‍ക്ക് പുറമേ തയ്യല്‍ മെഷീന്‍, ലാപ്ടോപ്പ് തുടങ്ങിയവയും നല്‍കുമെന്ന് പറഞ്ഞ് സമാനമായ രീതിയില്‍ വന്‍ തട്ടിപ്പാണ് നടത്തിയത്. ഇവയുടെ വിതരണോത്ഘാടനത്തിനായി പല പ്രമുഖരേയും എത്തിച്ചും രാഷ്ട്രീയ നേതാക്കളെ പദ്ധതിയുടെ പിന്നണിക്കാരായി കാണിച്ചും വിശ്വാസം പിടിച്ചുപറ്റിയാണ് തട്ടിപ്പ് നടത്തിയത്.