പാലക്കാട്: മലമ്പുഴയിൽ മദ്യം നൽകി ആറാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുമായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ ദിവസങ്ങളോളം മറച്ചുവച്ചു. പോലീസ് അന്വേഷിച്ച് എത്തിയപ്പേഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്വാർട്ടേഴ്സിലേക്കു വിളിച്ചുവരുത്തിയ അധ്യാപകൻ വിദ്യാർഥിക്കു മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം സ്‌കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. തുടർന്ന് 19 ന് അധ്യാപകനെതിരെ മാനേജ്മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാൽ, സംഭവം പോലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാൻ വൈകിയെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം പീഡന വിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂൾ അധികൃതർക്കെതിരെ നടപടിയുണ്ടാകും. സ്കൂളിലെ പ്രധാനാധ്യാപകൻ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവരോട് ഡിവൈഎസ്‍പി ഓഫിസിൽ ഹാജരാകാനാണ് നിർദേശം. വിശദമായ ചോദ്യം ചെയ്യലിനുശേഷം കേസെടുത്തേക്കുമെന്നാണ് വിവരം.
സംഭവത്തിൽ മലമ്പുഴ പിഎഎംഎം യുപി സ്കൂളിലെ സംസ്‌കൃത അധ്യാപകൻ അനിൽ ആണ് പിടിയിലായത്. പാലക്കാട് നല്ലേപ്പിള്ളിയിൽ നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർഥിയെ ക്വാർട്ടേഴ്‌സിലെത്തിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ദലിത് വിഭാഗത്തിലുള്ള കുട്ടിയാണ് പീഡനത്തിന് ഇരയായതെന്നാണ് അറിയുന്നത്












































