ന്യൂഡൽഹി: ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ആകെ മാറ്റങ്ങള്‍.റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വൻതോതിൽ കുറച്ചു. അതേസമയം പരമ്പരാഗത വ്യാപാര പങ്കാളികളായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിഹിതത്തില്‍ കാര്യമായ വർധനവുണ്ടായി. ഇപ്പോഴും റഷ്യ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഒരു ഭാഗം നിലനിർത്തുന്നുണ്ടെങ്കിലും ഉപരോധ ഭീഷണികളെ തുടർന്ന് വിഹിതത്തിൽ വൻ തോതില്‍ ഇടിവുണ്ടായിരിക്കുകയാണ്.
ആവശ്യമായതിന്‍റെ ഏകദേശം 90% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ വീണ്ടും പരമ്പരാഗത പശ്ചിമേഷ്യന്‍ വിതരണക്കാരെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഇറാഖ് ഇപ്പോൾ റഷ്യയോട് ഏകദേശം തുല്യമായ അളവിലുള്ള ക്രൂഡ് ഓയിലാണ് ഇന്ത്യക്ക് നല്‍കുന്നത്. ഡിസംബർ 2025-ലെ ശരാശരി 904,000 bpdയില്‍ നിന്നും ഇറാഖിന്‍റെ ഇറക്കുമതി അളവ് ഉയർന്നു. സൗദി അറേബ്യയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലും കാര്യമായ തോതിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്.
കെപ്ലറില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 2026 ജനുവരിയുടെ ആദ്യ മൂന്ന് ആഴ്ചകളിൽ ഇന്ത്യ ഏകദേശം 1.1 മില്യൺ bpd(barrel per day) റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തു. ഇത് ഡിസംബറിലെ ശരാശരി 1.21 മില്യൺ bpdയെക്കാൾ കുറവും 2025 മധ്യത്തിലെ 2 മില്യൺ bpd എന്ന നിലവാരത്തെക്കാൾ വളരെ താഴ്ന്നതുമാണ്.
“2026 ജനുവരിയിലെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വാങ്ങൽ കുറഞ്ഞ റിസ്കും കൂടുതൽ വിശ്വസനീയവുമായ വിതരണക്കാരിലേക്കുള്ള വ്യക്തമായ മാറ്റം കാണിക്കുന്നു. മിഡിൽ ഈസ്റ്റ് ബാരലുകൾ വർധിച്ചപ്പോൾ റഷ്യൻ ക്രൂഡ് വിതരണം നിലനിൽക്കുന്നുണ്ടെങ്കിലും കൂടുതൽ സെലക്ടീവാണ്.” കെപ്ലറിലെ ലീഡ് റിസർച്ച് അനലിസ്റ്റ് (റിഫൈനിംഗ് & മോഡലിംഗ്) സുമിത് റിടോലിയയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം ഇതുവരെ 924000 bpd ക്രൂഡ് ഓയിലാണ് സൗദി അറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഡിസംബറില്‍ 710000 bpd-യും ഏപ്രിലില്‍ 539000 bpd-യുമായിരുന്നു സൗദി അറേബ്യന്‍ വിഹിതം. “കഴിഞ്ഞ രണ്ട് മാസങ്ങളായി മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിച്ചപ്പോൾ റഷ്യൻ വിഹിതം കുറഞ്ഞു. ഉപരോധവും കംപ്ലയൻസ് പ്രഷറും ശക്തമായതാണ് കാരണം,” റിടോലിയ പറഞ്ഞു. ഷിപ്പിംഗ്, ഇൻഷുറൻസ്, പേയ്മെന്റ് പാതകൾ, കംപ്ലയൻസ് സ്ക്രീനിംഗ് തുടങ്ങിയവയിലെ വർധിച്ച സങ്കീർണതകളും സാമ്പത്തിക മാറ്റങ്ങളുമാണ് ഇതിന് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയില്‍ നിന്നുള്ള വാങ്ങലുകൾ വർധിപ്പിച്ചതിലുടെ സുഗമമായ വിതരണവും കുറഞ്ഞ ഓപ്പറേഷണൽ പ്രശ്നങ്ങളും ഉറപ്പാക്കാനാണ് റിഫൈനികള്‍ ശ്രമിക്കുന്നത്. 2022-ൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ശക്തമാക്കാന്‍ തുടങ്ങിയത്. അങ്ങനെ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായി മാറി.
2022 ന് ശേഷ്യം ഇന്ത്യയുടെ റഷ്യൻ ക്രൂഡിന്റെ ഇറക്കുമതി വിഹിതം 1%-ൽ താഴെയായിരുന്നത് 40% വരെയായി ഉയർന്നു. എന്നാൽ യുഎസ് ഉപരോധം വലിയ പ്രതിസന്ധി ഉയർത്തിയതോടെ ഇന്ത്യയിലെ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടേയുള്ള പല റിഫൈനറികളും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വൻ തോതില്‍ കുറച്ചു. ഇപ്പോഴും ഓമാൻ/ദുബായ് ഗ്രേഡുകളെ അപേക്ഷിച്ച് ബാരലിന് 5-7 ഡോളർ വരെ ഇളവിലാണ് റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇന്ത്യക്ക് ലഭിക്കുന്നത്.















































