കൊല്ലം: കൊല്ലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിനെതിരെ ആരോപണവുമായി സാന്ദ്രയുടെ കുടുംബം രംഗത്ത്. മരിക്കുന്നതിന്റെ തലേ ദിവസം സാന്ദ്ര വിളിച്ചിരുന്നുവെന്നും സായി ഹോസ്റ്റലിൽ ജയിലിൽ ഇട്ട പോലെയായിരുന്നു ജീവിതമെന്നും സാന്ദ്ര പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും സാന്ദ്രയുടെ കുടുംബം ആവശ്യപ്പെട്ടു.
മോള് നേരത്തെ വിളിച്ച് ഈ സ്ഥാപനത്തിൽ തുടരാൻ പറ്റാത്ത സാഹചര്യം ആണെന്ന് പറഞ്ഞിരുന്നു. മുമ്പുണ്ടായിരുന്ന വാർഡൻ സാന്ദ്രയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ആ വാർഡൻ മാറി, ആ വാർഡനെ വിളിക്കാൻ പാടില്ലെന്ന് സായി ഇൻചാർജ് രാജീവ് ആവശ്യപ്പെട്ടു. വിളിച്ചാൽ മോളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. പലപ്പോഴും ഇവിടെ നിൽക്കാൻ പറ്റുന്നില്ല, മടങ്ങി വരികയാണെന്നു പറയുമ്പോൾ വീട്ടിലെ സാഹചര്യം കാരണം എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ ആവശ്യപ്പെടുമായിരുന്നു. കുട്ടികളുടെ സമഗ്ര അന്വേഷണം വേണമെന്നും സാന്ദ്രയുടെ അമ്മ സിന്ധു ആവശ്യപ്പെട്ടു.
അതേസമയം കൊല്ലത്ത് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഹോസ്റ്റലിലാണ് കോഴിക്കോട് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയായ പത്താം ക്ലാസുകാരിയും തൂങ്ങി മരിച്ചത്. പുലർച്ചെ 5 മണിയായിട്ടും സായിയിലെ കായിക പരിശീലനത്തിനായി തയ്യാറാകേണ്ട സമയമായിട്ടും രണ്ട് പെൺകുട്ടികളെ കണ്ടില്ല. പരിശോധിച്ചപ്പോഴാണ് ഹോസ്റ്റൽ മുറി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. മുട്ടിവിളിച്ചിട്ടും തുറന്നില്ല. തുടർന്ന് വാർഡനും മറ്റുള്ളവരും ചേർന്ന് മുറി തള്ളിത്തുറന്നു. ഫാനിൽ തൂങ്ങി മരിച്ച നിലയിൽ പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
















































