കൊച്ചി: രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. കോർപ്പറേറ്റ് മുതലാളി ബിജെപിയെ വിലയ്ക്കുവാങ്ങിയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അദ്ധ്യക്ഷൻമാർക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാദ്ധ്യത എന്ന പരിഹാസവും ഉണ്ട്. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ? കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി എന്ന് അദ്ദേഹം പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബിജെപിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിന്റെ പണി കിട്ടാനാണ് സാധ്യത.
ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് , ഏറ്റവും ഒടുവിൽ കുംഭമേള… ഇതൊക്കെ എളുപ്പം മറക്കാൻ ബിജെപി പ്രവർത്തകർക്ക് എങ്ങനെ കഴിയും ? ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സിപിഎം ബിജെപി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ? കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബിജെപി.
ഇന്നാണ് സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറുടെ പേര് കോർകമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം നിർദേശിച്ചത്. പ്രഖ്യാപനം നാളെയോടെ ഉണ്ടാകും എന്നാണ് അറിയുന്നത്. പറയത്തക്ക സംഘപരിവാർ പശ്ചാത്തലമില്ലാത്ത രാജീവ് ചന്ദ്രശേഖറെ അദ്ധ്യക്ഷനാക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ പരീക്ഷണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. വളരാൻ ഏറെ അനുകൂലമായ സാഹചര്യം ഉണ്ടെങ്കിലും അത് മുതലെടുക്കാതെ ഗ്രൂപ്പുപോരിൽപ്പെട്ട് വളർച്ച മുരടിച്ചുനിൽക്കുന്ന സംസ്ഥാനത്തെ പാർട്ടിക്ക് രാജീവിന്റെ വരവിലൂടെ പുതിയ ഉന്മേഷം ഉണ്ടാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.