ന്യൂഡൽഹി: ബാഡ്മിന്റൺ താരങ്ങളായ സൈന നേവാളും ഭർത്താവ് പി കശ്യപും വേർപിരിയുന്നുവെന്ന വാർത്ത ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയിലൂടെയാണ് സൈന അറിയിച്ചത്. വളരെയധികം ആലോചിച്ച ശേഷമാണ് കശ്യപും താനും വേർപിരിയാൻ തീരുമാനിച്ചതെന്നും തങ്ങൾ സമാധാനം, വളർച്ച, സൗഖ്യം എന്നിവ തിരഞ്ഞെടുക്കുന്നുവെന്നും സൈന കുറിച്ചിരുന്നു.
എന്നാൽ സൈന വിവാഹമോചന വാർത്ത പങ്കുവയ്ക്കുമ്പോൾ കശ്യപ് നെതർലൻഡ്‌സിലാണെന്നാണ് റിപ്പോർട്ട്. സൈനയുടെ പ്രഖ്യാപനത്തിന് ഏകദേശം ആറു മണിക്കൂർ മുമ്പ് കശ്യപ് പങ്കുവച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഇപ്പോൾ സമൂഹ ശ്രദ്ധ നേടുന്നത്. ജൂലൈ 11 മുതൽ 13 വരെ നെതർലൻഡ്‌സിലെ ഹിൽവാരൻബീക്കിൽ നടന്ന അവേക്കനിങ് ഫെസ്റ്റിവലിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കുകയായിരുന്നു കശ്യപ്. ഇവിടെ നിന്ന് ഒരുകൂട്ടം സുഹൃത്തുക്കൾക്കൊപ്പമുള്ള ഒരു ചിത്രമാണ് കശ്യപ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. മാത്രമല്ല സൈനയുടെ വിവാഹമോചന വാർത്തയോട് കശ്യപ് ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
അതേസമയം 2014-ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവാണ് കശ്യപ്. 32 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായിരുന്നു കശ്യപ്. കൂടാതെ ഒളിമ്പിക് ക്വാർട്ടർ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ താരം കൂടിയായിരുന്നു കശ്യപ്. 2018 ഡിസംബറിലായിരുന്നു സൈനയും കശ്യപും തമ്മിലുള്ള വിവാഹം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലെ പരിശീലനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീടു പ്രണയമായി വളരുകയായിരുന്നു. നീണ്ട 10 വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിനു പിന്നാലെ ഇരുവരും ഗോപിചന്ദിന്റെ അക്കാദമി വിട്ടിരുന്നു.