തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ പുളിമാത്തുള്ള വീട്ടിൽനിന്ന് സ്വർണവും പണവും കണ്ടെടുത്തതായി സൂചന. സ്വർണം കൂടാതെ ചില ഇലക്ട്രോണിക്സ് ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട സ്വർണമാണോയെന്ന് പരിശോധിക്കും. പോറ്റിയുടെ വസ്തു ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. ഇടപാടുകാരുടെ പശ്ചാത്തലവും പരിശോധിച്ച് വ്യക്തത വരുത്തും
അതേസമയം ഈ വർഷം ദ്വാരപാലക ശിൽപ പാളികളിൽ സ്വർണം പൂശിയതും എസ്ഐടി അന്വേഷിക്കും. 2019 ൽ 40 വർഷത്തെ ഗാരന്റിയോടെ സ്വർണം പൂശിക്കൊണ്ടുവന്ന പാളികളിൽ 6 വർഷം കഴിഞ്ഞപ്പോൾ വീണ്ടും സ്വർണം പൂശാൻ ബോർഡ് തീരുമാനമെടുക്കുകയായിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെക്കൊണ്ടു തന്നെ സ്വർണം പൂശിക്കണമെന്ന് കഴിഞ്ഞവർഷം ബോർഡിന് ശുപാർശ നൽകിയത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി.മുരാരി ബാബുവാണ്. എന്നാൽ ഇതു വീണ്ടും സ്വർണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു എസ്ഐടിയുടെ അനുമാനം. 2019 ജൂലൈ മുതൽ 2025 സെപ്റ്റംബർ 27 വരെയുള്ള മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് സംഘം ഉദ്ദേശിക്കുന്നത്.
ഇതിനിടെ ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും ശബരിമലയിൽനിന്നു സാമ്പത്തികനേട്ടം ഉണ്ടായിട്ടില്ലെന്നു പോറ്റി ആവർത്തിച്ചു. കൽപേഷും ഗോവർധനും അടക്കം ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിനു പിന്നിൽ. ഇവരിൽനിന്ന് ഒരുതരി സ്വർണം പോലും തനിക്കു ലഭിച്ചില്ലെന്നു പോറ്റി അവകാശപ്പെട്ടു. ചില ദേവസ്വം ഉദ്യോഗസ്ഥരുടെയും അതിനു മേലെയുള്ളവരുടെയും അറിവോടെയാണിത്. അതേസമയം മോഷണക്കേസിൽ വിജിലൻസ് അന്വേഷണം തുടങ്ങിയപ്പോൾ ബെംഗളൂരുവിലെ സംഘം വിമാനടിക്കറ്റ് നൽകി തന്നെ അവിടേക്കു വിളിപ്പിച്ചതായും പോറ്റി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതു പിടികൊടുക്കാതെ പോറ്റിക്കു മുങ്ങാനുള്ള അവസരമൊരുക്കിയതാണോയെന്നും അന്വേഷണ സംഘം അന്വേഷിക്കും.