തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. ഉണ്ണികൃഷ്ണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്തു പേരെയാണ് നിലവിൽ പ്രതി ചേർത്തിരിക്കുന്നത്. കവർച്ച, വ്യാജരേഖ ചമക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും ഉടൻ കടക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. അതേസമയം കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
ഇതിനിടെ കാണാതായ സ്വർണ്ണത്തിൻറെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ദേവസ്വം വിജലിൻസിൻ്റെ അന്തിമ റിപ്പോർട്ടിൽ ശബരിമലയിൽ നിന്ന് കാണാതായത് 124 പവൻ സ്വർണമാണ്. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഈ കണക്ക്. എന്നാൽ, 98ൽ യുബി ഗ്രൂപ്പ് നൽകിയതിൽ ദ്വാരപാലക ശില്പങ്ങൾ പൊതിയാൻ ഉപയോഗിച്ചത് ഒന്നര കിലോ സ്വർണം. എന്നാൽ 2019ൽ ചെന്നെെയിൽ ഉരുക്കിയപ്പോൾ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് കിട്ടിയതായി സ്മാർട്ട് ക്രിയേഷൻസ് പറയുന്നത് 577 ഗ്രാം മാത്രം. ബാക്കി ഒരു കിലോയോളം സ്വർണ്ണം എവിടെ അപ്രത്യക്ഷമായിയെന്നത് അജ്ഞാതമാണ്. ഇതിന് പുറമെ വശങ്ങളിലെ 7 പാളികൾ ഉരുക്കി വേർതിരിച്ചപ്പോൾ 409 ഗ്രാം സ്വർണ്ണം കിട്ടിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് വാദം. 98ൽ പാളികൾ പൊതിയാൻ എത്ര സ്വർണ്ണം ഉപയോഗിച്ചു എന്നതിന് കൃത്യമായ രേഖകളില്ല. ഇത് രണ്ടും ചേർക്കുമ്പോൾ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം ഒന്നര കിലോയലധികം സ്വർണ്ണം വേണം.
എന്നാൽ അന്തിമ റിപ്പോർട്ടിൽ പറയുന്നത് അര കിലോയിൽ താഴെ സ്വർണ്ണം മാത്രമെന്ന്. ഇനി അപ്രത്യക്ഷമായ കൂടുതൽ സ്വർണ്ണം കണ്ടെത്തലാണ് പ്രത്യേക അന്വേഷണ സംഘത്തിൻറ മുന്നിലെ വെല്ലുവിളി. നിലവിൽ സ്മാർട്ട് ക്രിയേഷൻസിൻെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. എന്നാൽ ഈ മൊഴികളിൽ തന്നെ പലതരം വൈരുധ്യങ്ങളുണ്ട്.
അതുപോലെ അന്തിമ റിപ്പോർട്ടിൽ സ്ഥിരം കസ്റ്റമറായ പോറ്റിക്ക് വേണ്ടി സ്വർണ്ണം ഉരുക്കിയെന്ന് സ്മാർട്ട് ക്രിയേഷൻസ് സമ്മതിക്കുന്നു. ഇതോടെ സ്മാർട്ട് ക്രിയേഷൻസ് ഗൂഢാലോചനയിലെ പ്രധാന കണ്ണിയെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. മാത്രമല്ല മൊഴിക്ക് അപ്പുറം പാളികൾ ശരിക്കും ഉരുക്കിയോ, പാളികൾ പൂർണമായും മാറ്റിയോ എന്നതലിടക്കം ശാസ്ത്രീയ പരിശോധന നടത്തേണ്ടതായി വന്നേക്കും എന്നാണ് അറിയുന്നത്.