തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് സൂചന. പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത പോറ്റിയെ ചോദ്യം ചെയ്യുകയാണിപ്പോൾ. ചോദ്യം ചെയ്യലിനു ശേഷമായിരിക്കും അറസ്റ്റ്. രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘം കൂട്ടിക്കൊണ്ടുപോയത്. രഹസ്യകേന്ദ്രത്തിൽ എത്തിച്ചാണു ചോദ്യം ചെയ്യുന്നത്. പത്തനംതിട്ട എആർ ക്യാംപിലേക്കാണ് കൊണ്ടുപോയതെന്നാണു സൂചനയുണ്ട്.
അതുപോലെ പ്രത്യേക സംഘത്തിലെ രണ്ടു ടീമുകൾ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ റജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറിലും ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയാണ്. സ്വർണപ്പാളികളിൽ ഉണ്ടായിരുന്ന സ്വർണം ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽനിന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയെന്നും അതു ദേവസ്വം ബോർഡിനെ തിരിച്ച് ഏൽപ്പിച്ചതായി രേഖകൾ ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി പ്രത്യേക സംഘം രൂപീകരിച്ചത്.
മാത്രമല്ല കഴിഞ്ഞ ദിവസങ്ങളിൽ ദേവസ്വം ആസ്ഥാനത്ത് എത്തിയ സംഘം ദേവസ്വം എസ്പിയുമായി കൂടിക്കാഴ്ച നടത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്‌തെങ്കിൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂ.
അതേസമയം രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയിൽ സ്വർണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതിൽപ്പാളിയിലെ സ്വർണം 2019 മാർച്ചിൽ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായാണ് കരുതപ്പെടുന്നത്. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം 2019 ഓഗസ്റ്റിൽ കവർന്നതായും കരുതപ്പെടുന്നു. ഇക്കാര്യത്തിലും വ്യക്തത വരുത്താനുണ്ട് അന്വേഷണ സംഘത്തിന്.