മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദം വർധിക്കുന്നതിനിടെ റഷ്യയുടെ പുതിയ പ്രഖ്യാപനം. യുഎസുമായുള്ള 1987-ലെ ഇന്റർമീഡിയറ്റ്- റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് (ഐഎൻഎഫ്) ഉടമ്പടിയിൽനിന്ന് പിന്മാറിയതായി റഷ്യ അറിയിച്ചു.
റഷ്യക്ക് സമീപം രണ്ട് ആണവ അന്തർവാഹിനികൾ വിന്യസിക്കാൻ സൈന്യത്തിനോട് ട്രംപ് ഉത്തരവിട്ട് ദിവസങ്ങൾക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം. ഹ്രസ്വ- ദൂര, മധ്യ- ദൂര ആണവ മിസൈലുകൾ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയമായിരുന്നു ഐഎൻഎഫ് ഉടമ്പടി. യുഎസ്സും റഷ്യയുടെ മുൻഗാമിയായിരുന്ന സോവിയറ്റ് യൂണിയനും തമ്മിലൊപ്പുവെച്ച ഉടമ്പടിയായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി തങ്ങൾക്ക് ഇല്ല എന്നും, മുൻപ് സ്വയം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘യൂറോപ്പിലും ഏഷ്യ- പസഫിക് മേഖലയിലും, യുഎസിന്റെ മധ്യ-ദൂര, ഹ്രസ്വ-ദൂര മിസൈലുകൾ വിന്യസിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, സമാനമായ ആയുധങ്ങൾ വിന്യസിക്കുന്നതിൽ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിർത്താനുള്ള സാഹചര്യങ്ങൾ ഇല്ലാതായതായി വ്യക്തമായിരിക്കുന്നു,’ റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം നേരത്തെ, റഷ്യ ഉടമ്പടി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2019-ൽ യുഎസ് ഇന്റർമീഡിയറ്റ്-റേഞ്ച് ന്യൂക്ലിയർ ഫോഴ്‌സസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയിരുന്നു.
അതിനു പിന്നാലെ, യുഎസ് അത്തരം ആയുധങ്ങൾ വിന്യസിക്കുന്നില്ലെങ്കിൽ തങ്ങളും വിന്യസിക്കില്ലെന്ന് റഷ്യയും വ്യക്തമാക്കിയിരുന്നു. അതേസമയം രാജ്യ സുരക്ഷയ്ക്ക് നേരിട്ട് ഭീഷണി സൃഷ്ടിച്ചുകൊണ്ടുള്ള യുഎസിന്റെ പുതിയ നീക്കങ്ങളാണ് റഷ്യയെ ഇത്തരമൊരു നടപടികൾ കൈക്കൊള്ളാൻ പ്രേരിപ്പിച്ചതെന്ന് മോസ്‌കോ ആരോപിച്ചു. ‘പാശ്ചാത്യ രാജ്യങ്ങൾ മിസൈലുകൾ വിന്യസിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണി സൃഷ്ടിക്കുന്നു,’ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.