കൊൽക്കത്ത: ഹിന്ദുസ്ഥാന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അവിടെ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്‌എസിന്റെ 100-ാം വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ സംസ്കാരം രാജ്യത്ത് വിലമതിക്കപ്പെടുന്നതുവരെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരിക്കുമെന്ന് മോഹൻ ഭാഗവത് പറഞ്ഞത്. സത്യം അത് ആയതിനാൽ ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.
‘‘സൂര്യൻ കിഴക്ക് ഉദിക്കുന്നു. അത് എപ്പോൾ മുതൽ സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന് നമ്മൾക്കറിയില്ല. അപ്പോൾ, അതിനും ഭരണഘടനാ അംഗീകാരം ആവശ്യമുണ്ടോ? എന്നും ഭാഗവത് ചോദിച്ചു. ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃരാജ്യമായി കരുതുന്നവർ ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നു. നമ്മുടെ പൂർവ്വികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്നവർ ഹിന്ദുസ്ഥാന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇതാണ് സംഘത്തിന്റെ(ആർഎസ്എസ്) പ്രത്യയശാസ്ത്രം’’ – മോഹൻ ഭാഗവത് പറഞ്ഞു.
‘‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആണെന്ന് ആർഎസ്‌എസ് എപ്പോഴും വാദിച്ചിട്ടുണ്ട്. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ മുഖമുദ്രയല്ല. നമ്മുടെ സംസ്കാരവും ഹിന്ദുമതത്തിനുള്ള ഭൂരിപക്ഷവും കണക്കിലെടുക്കുമ്പോൾ അത് വ്യക്തമാണ്. ‘മതേതരത്വം’ യഥാർത്ഥത്തിൽ ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായിരുന്നില്ല. 1976ലെ ഭരണഘടനാ ഭേദഗതിയിലൂടെ, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ‘സോഷ്യലിസ്റ്റ്’ എന്ന പദത്തോടൊപ്പം ഇതും ചേർത്തത്’’ – മോഹൻ ഭാഗവത് പറഞ്ഞു.
















































