കൊൽക്കത്ത: ഇംഗ്ലീഷ് താരം മോയിൻ അലിക്കെതിരെ ഒറ്റ ഓവറിൽ തുടർച്ചയായി അഞ്ചു സിക്സറുകൾ. തൊട്ടടുത്ത ഓവറിൽ വരുൺ ചക്രവർത്തിക്കെതിരെ നേരിട്ട ആദ്യപന്തിൽത്തന്നെ വീണ്ടും സിക്സർ. തുടർച്ചയായി ആറു സിക്സറുകളെന്ന നേട്ടം… അക്ഷരാർഥത്തിൽ പരകായ പ്രവേശം പോലെയായിരുന്നു റിയാൻ പരാഗ്. വെറും അഞ്ച് റൺസിന് സെഞ്ചുറി നഷ്ടമായതിന്റെ നിരാശയ്‌ക്കിടയിലും കൊൽക്കത്ത ഈഡൻ ഗാർഡൻസിനെ വിറപ്പിച്ച പ്രകടനവുമായി ക്യാപ്റ്റൻ റിയാൻ പരാഗ് മിന്നിത്തിളങ്ങിയ മത്സരത്തിൽ, നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഒറ്റ റണ്ണിന്റെ തോൽവി വഴങ്ങി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 റൺസെടുത്തപ്പോൾ, രാജസ്ഥാന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു.
പരാഗും ഷിമ്രോൺ ഹെറ്റ്മെയറും ചേർന്ന് രാജസ്ഥാനെ 71/5 എന്ന അപകടകരമായ അവസ്ഥയിൽ നിന്ന് കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്നു 48 പന്തിൽ നിന്ന് 92 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു, ഇത് ഐപിഎല്ലിൽ ആറാം വിക്കറ്റിനോ അതിൽ താഴെയോ ഉള്ള ഫ്രാഞ്ചൈസിയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. 2014 ൽ എം ചിന്നസ്വാമിയിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സ്റ്റീവ് സ്മിത്തും ജെയിംസ് ഫോക്‌നറും ചേർന്ന് നേടിയ 85 റൺസിന്റെ കൂട്ടുകെട്ടിനെ ഇതോടെ ഇരുവരും മറികടന്നു.
ഷിമ്രോൺ ഹെറ്റ്മെയർ 23 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 29 റൺസെടുത്തു. ഹർഷിത് റാണയുടെ പന്തിൽ സുനിൽ നരെയ്ന് ക്യാച്ച് സമ്മാനിച്ചാണ് ഹെറ്റ്മെയർ മടങ്ങിയത്.
വൈഭവ് അറോറ എറിഞ്ഞ 20–ാം ഓവറിൽ രാജസ്ഥാന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 22 റൺസാണ്. ഇംപാക്ട് പ്ലേയറായി എത്തിയ ശുഭം ദുബെ രണ്ടു സിക്സും ഒരു ഫോറും സഹിതം 20 റൺസടിച്ചതോടെയാണ് മത്സരം നാടകീയമായത്. അവസാന പന്തിൽ വിജയത്തിലേക്ക് മൂന്നു റൺസ് എന്ന നിലയിൽ നിൽക്കെ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ ജോഫ്ര ആർച്ചർ റണ്ണൗട്ടായതോടെ കൊൽക്കത്തയ്ക്ക് ഒരു റൺ ജയം. ഇതോടെ കൊൽക്കത്ത നേരിയ രീതിയിൽ പ്ലേഓഫ് പ്രതീക്ഷയും നിലനിർത്തി. രാജസ്ഥാൻ നേരത്തേ തന്നെ പുറത്തായിരുന്നു.
കൂട്ടത്തകർച്ചയ്‌ക്കിടെ ക്രീസിലെത്തി തകർത്തടിച്ച റിയാൻ പരാഗ് 45 പന്തിൽ 95 റൺസെടുത്ത് പുറത്തായി. ആറു ഫോറും എട്ടു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നതാണ് പരാഗിന്റെ ഇന്നിങ്സ്. ഐപിഎലിൽ പരാഗിന്റെ ഉയർന്ന വ്യക്തിഗത സ്കോറാണിത്. ഒടുവിൽ ഹർഷിത് റാണയ്‌ക്കെതിരെ സിക്സർ നേടാനുള്ള ശ്രമത്തിൽ വൈഭവ് അറോറയ്ക്ക് ക്യാച്ച് നൽകിയാണ് പരാഗ് പുറത്തായത്. ശുഭം ദുബെ 14 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 25 റൺസുമായി പുറത്താകാതെ നിന്നു. ആർച്ചർ എട്ടു പന്തിൽ ഒരു ഫോർ സഹിതം 12 റൺസുമെടുത്തു. എട്ടാം വിക്കറ്റിൽ ദുബെ – ആർച്ചർ സഖ്യം 14 പന്തിൽ 32 റൺസ് കൂട്ടിച്ചേർത്തു.
തുടക്കത്തിൽ കൂട്ടത്തകർച്ച നേരിട്ടപ്പോഴും ഒരു വശത്ത് അക്ഷോഭ്യനായി നിന്ന് പ്രത്യാക്രമണം നടത്തിയ ഓപ്പണർ യശസ്വി ജയ്സ്വാൾ 34 റൺസെടുത്ത് പുറത്തായി. 21 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്സ്. അതേസമയം, ഗുജറാത്ത് ടൈറ്റൻസിനെതിരെ റെക്കോർഡ് സെഞ്ചറിയുമായി വിസ്മയിപ്പിച്ച പതിനാലുകാരൻ വൈഭവ് സൂര്യവംശി അതിനുശേഷമുള്ള തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. നേരിട്ട ആദ്യപന്തിൽ വൈഭവ് അറോറയ്‌ക്കെതിരെ ബൗണ്ടറി കണ്ടെത്തിയ വൈഭവ്, തൊട്ടടുത്ത പന്തിൽ അജിൻക്യ രഹാനെയുടെ തകർപ്പൻ ക്യാച്ചിലാണ് പുറത്തായത്.
അരങ്ങേറ്റ മത്സരം കളിച്ച യുവതാരം കുനാൽ സിങ് റാത്തോഡ് അഞ്ച് പന്തു നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാനാകാതെ പുറത്തായി. സീസണിലുടനീളം നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേൽ ഗോൾഡൻ ഡക്കായി. വാനിന്ദു ഹസരംഗ ഡക്കിനും പുറത്തായി. കൊൽക്കത്തയ്ക്കായി മോയിൻ അലി, ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വൈഭവ് അറോറയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത അവസാന ഓവറുകളിൽ കത്തിക്കയറി ഈഡൻ ഗാർഡൻസിനെ ചൂടുപിടിപ്പിച്ച ആന്ദ്രെ റസൽ, ആംക്രിഷ് രഘുവംശി, റിങ്കു സിങ് എന്നിവർ ചേർന്നാണ്, താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിപ്പിച്ച കൊൽക്കത്ത ഇന്നിങ്സ്, 200 ന് മുകളിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്ത, നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസെടുത്തത്. അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ആന്ദ്രെ റസലാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. റസൽ 25 പന്തിൽ നാലു ഫോറും അഞ്ച് സിക്സും സഹിതം 57 റൺസെടുത്തു.
ആംക്രിഷ് രഘുവംശി 44 റൺസെടുത്ത് പുറത്തായി. 31 പന്തിൽ അഞ്ച് ഫോറുകൾ സഹിതമാണ് രഘുവംശി 43 റൺസെടുത്തത്. 19–ാം ഓവറിൽ ക്രീസിലെത്തിയ റിങ്കു സിങ്, ആറു പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ റസൽ – റിങ്കു സഖ്യം വെറും 11 പന്തിൽ അടിച്ചുകൂട്ടിയ 34 റൺസാണ് കൊൽക്കത്ത സ്കോർ 200 കടത്തിയത്. ഇതിൽ ആകാശ് മധ്‌വാൾ എറിഞ്ഞ അവസാന ഓവറിൽ അടിച്ചെടുത്ത 22 റൺസും ഉൾപ്പെടുന്നു.
ഓപ്പണർ റഹ്മാനുള്ള ഗുർബാസ് 25 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 35 റൺസെടുത്തു. ക്യാപ്റ്റൻ അജിൻക്യ രഹാനെ 24 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 30 റൺസെടുത്തും പുറത്തായി. സുനിൽ നരെയ്ൻ തുടർച്ചയായി സിക്സും ഫോറും നേടി മികച്ച തുടക്കമിട്ടെങ്കിലും, ഒൻപതു പന്തിൽ 11 റൺസെടുത്ത് പുറത്തായി. രാജസ്ഥാനായി ജോഫ്ര ആർച്ചർ നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണ നാല് ഓവറിൽ 41 റൺസ് വഴങ്ങിയും ക്യാപ്റ്റൻ റിയാൻ പരാഗ് മൂന്ന് ഓവറിൽ 21 റൺസ് വഴങ്ങിയും യുധ്‌വീർ സിങ് രണ്ട് ഓവറിൽ 26 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
𝙍𝙖𝙢𝙥𝙖𝙣𝙩 𝙍𝙞𝙮𝙖𝙣 🔥
The #RR captain is in the mood tonight 😎
He keeps @rajasthanroyals in the game 🩷
Updates ▶ https://t.co/wg00ni9CQE#TATAIPL | #KKRvRR | @rajasthanroyals | @ParagRiyan pic.twitter.com/zwGdrP3yMB
— IndianPremierLeague (@IPL) May 4, 2025