ലക്നൗ: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഡഗ്ഔട്ടിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായ സഹീർ ഖാനോട് കലിപ്പെടുത്ത് ടീം ക്യാപ്റ്റൻ ഋഷഭ് പന്ത്. മത്സരത്തിൽ ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുൻപും ബാറ്റിങ്ങിനെത്തി ഔട്ടായതിനു ശേഷവും പന്ത് സഹീർ ഖാനോട് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്നെ നേരത്തെ ഇറക്കാതെ യുവതാരങ്ങളെ സ്ഥാനക്കയറ്റം നൽകി അയച്ചതിനെതിരെയാണ് പന്ത് അതൃപ്തി പ്രകടിപ്പിച്ചതെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന അഭിപ്രായപ്പെട്ടു.
സീസണിൽ മുഖാമുഖമെത്തിയ രണ്ടാം മത്സരത്തിലും ഡൽഹി ക്യാപിറ്റൽസ് ലക്നൗവിനെ തോൽപ്പിച്ചിരുന്നു. ലക്നൗ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 17.5 ഓവറിലാണ് ഡൽഹി മറികടന്നത്. അർധസഞ്ചറി നേടിയ ലക്നൗവിന്റെ മുൻ നായകൻ കൂടിയായ കെ.എൽ. രാഹുൽ, യുവതാരം അഭിഷേക് പൊറേൽ (36 പന്തിൽ 51) എന്നിവരാണ് ഡൽഹി വിജയത്തിൽ നിർണായകപങ്കു വഹിച്ചത്.
സാധാരണ നാലാമനായി ക്രീസിലെത്താറുള്ള ഋഷഭ് പന്തിന് പകരം യുവതാരം അബ്ദുൽ സമദാണ് കഴിഞ്ഞ മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയത്. സമദിനു ശേഷം ഇംപാക്ട് പ്ലെയറായി യുവതാരം ആയുഷ് ബദോനിയും പിന്നാലെ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുമെെത്തി. ഇവർക്കെല്ലാം പിന്നിൽ ഏഴാമനായാണ് പന്ത് ക്രീസിലെത്തിയത്. അവസാന രണ്ടു പന്തു മാത്രം നേരിടാൻ അവസരം ലഭിച്ച താരം റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു.
അതേസമയം മുകേഷ് കുമാറിന്റെ പന്തിൽ സ്റ്റംപ് തെറിച്ച് പുറത്തായി മടങ്ങുമ്പോൾ ഋഷഭ് പന്തിന്റെ മുഖത്ത് അതൃപ്തിയും ദേഷ്യവും പ്രകടമായിരുന്നു. ഔട്ടായതിന്റെ നിരാശയേക്കാളേറെ, ബാറ്റിങ് ഓർഡറിൽ ഏഴാമനായി ഇറങ്ങേണ്ടി വന്നതിന്റെ അമർഷമാണ് പന്ത് പ്രകടിപ്പിച്ചതെന്ന് മുൻ ഇന്ത്യൻ താരങ്ങളായ അനിൽ കുംബ്ലെ, സുരേഷ് റെയ്ന എന്നിവർ അഭിപ്രായപ്പെട്ടു. അതിന്റെ തുടർച്ചയായാകാം പന്ത് ഡഗ്ഔട്ടിൽ ടീം മെന്ററായ സഹീർ ഖാനോട് പൊട്ടിത്തെറിച്ചതെന്നും ഇരുവരും ചൂണ്ടിക്കാട്ടി.
‘‘വൈകി ബാറ്റിങ്ങിന് ഇറങ്ങുന്നതുവഴി പരമാവധി സമ്മർദ്ദം ഒഴിവാക്കാൻ ഒരു താരം ആഗ്രഹിക്കുന്നതു മനസ്സിലാക്കാം. പക്ഷേ, പന്തിന്റെ കാര്യത്തിൽ കുറച്ചധികം വൈകിപ്പോയി എന്നു പറയേണ്ടിവരും. പന്തിന്റെ മുഖത്തുള്ള അതൃപ്തി തന്നെ അതിന്റെ സൂചനയാണ്. കുറച്ചുകൂടി മുൻപേ ബാറ്റിങ്ങിന് ഇറങ്ങാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. വൈകി ഇറങ്ങാനുള്ള തീരുമാനം അക്ഷരാർഥത്തിൽ പന്തിന്റേതു തന്നെയായിരുന്നോ? അതോ പരിശീലകൻ ജസ്റ്റിൻ ലാംഗർ, മെന്റർ സഹീർ എന്നിവരുടെ തീരുമാനമോ? ആരുടെ തീരുമാനമായാലും പന്ത് വളരെ അതൃപ്തിയിലായിരുന്നു’ – അനിൽ കുംബ്ലെ പറഞ്ഞു.
ബാറ്റിങ് പൊസിഷനെക്കുറിച്ചു തന്നെയാകാം ഇരുവരും സംസാരിച്ചതെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ സുരേഷ് റെയ്നയും അഭിപ്രായപ്പെട്ടു. ‘‘ഇന്നിങ്സിൽ ആകെ 20 ഓവർ ഉണ്ടായിരുന്നു. പന്ത് ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമാണ്. ടീമിന്റെ വിജയം മറ്റാരേക്കാളും ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യമാകാം പന്ത് സഹീർ ഖാനുമായി സംസാരിച്ചത്. എന്നെ നേരത്തേ ഇറക്കാൻ ഞാൻ പറഞ്ഞതല്ലേ എന്നതു തന്നെയാകാം സഹീർ ഖാനോട് പന്തിന്റെ ചോദ്യം’ – റെയ്ന പറഞ്ഞു.
അതേസമയം, ടീമിന്റെ മെന്ററിനോട് ഇത്തരത്തിൽ പെരുമാറുന്നതിനു പകരം ദേഷ്യം ശമിപ്പിക്കാൻ പന്ത് മറ്റു വഴികൾ തേടുന്നതായിരുന്നു ഉചിതമെന്ന് അനിൽ കുംബ്ലെ കൂട്ടിച്ചേർത്തു. ഇത്തരം സന്ദർഭങ്ങളിൽ സമാധാനം പുലർത്തേണ്ടത് പ്രധാനപ്പെട്ടതാണ്. സംഭവിച്ചത് എന്താണെങ്കിലും അതിനെ പോസിറ്റീവായി കാണാനാകണം. എന്തൊക്കെ ദേഷ്യം വന്നാലും അതിന്റെ ബാക്കി കാണേണ്ടത് കളത്തിലാകണം’ – കുംബ്ലെ പറഞ്ഞു.
embarassing from pant 🤢 https://t.co/pSTn3lkScf pic.twitter.com/snbPkwAIwl
— sᴜɢᴀʀ🇮🇳 (@Sugar_Sai_Gill) April 22, 2025