കൊച്ചി: സൈബർ ആക്രമണം നേരിട്ട സിപിഎം നേതാവ് കെജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്. അശ്ലീല കഥകൾ കൊണ്ട് പൊതുരംഗത്തുള്ള സ്ത്രീകളെ തളർത്താനാവില്ലെന്നും ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട എന്നുമാണ് റിനി ആൻ ജോർജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഷൈനിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു റിനി ആൻ ജോർജിൻറെ പോസ്റ്റ്.
റിനി ആൻ ജോർജിൻറെ പോസ്റ്റിൻറെ പൂർണരൂപം
സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതു രംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്… ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട… അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും..മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും… സൈബർ ഇടങ്ങളിലെ സ്ത്രീ ഹത്യക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായ ഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യും…

















































