തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തുകയും മറ്റൊരു യുവതിയെ പ്രതിയിൽ നിന്നു സാഹസീകമായി രക്ഷിക്കുകയും ചെയ്ത വ്യക്തിയെ കണ്ടെത്തി പോലീസ്. കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശി ശങ്കർ പാസ്വാനെയാണ് ഏറെ ദിവസത്തെ തെരച്ചിലിനു ശേഷം കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പോലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
ട്രെയിനിൽ യുവതികളെ ആക്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പോലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പോലീസിനുണ്ടായിരുന്ന സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അർച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോൾ ചുവന്ന ഷർട്ട് ധരിച്ച ഒരു വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അർച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് ഇദ്ദേഹം സുരേഷിനെ സാഹസികമായി കീഴ്‌പ്പെടുത്തുന്നതും സിസിടിവിയിൽ പതിഞ്ഞു. ഇതിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ബിഹാർ സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞത്.















































