കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) എഫ്എംസിജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആർസിപിഎൽ), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെ പുതിയ ചുവട് വെക്കുന്നു. നേച്ചറഡ്ജിന്റെ ഭൂരിപക്ഷ ഓഹരികൾ ഏറ്റെടുത്തുകൊണ്ടാണ് അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല (ഹെൽത്തി ഫംഗ്ഷണൽ ബെവറേജസ്)യിലേക്ക് റിലയൻസ് പ്രവേശിച്ചിരിക്കുന്നത്. സംയുക്ത സംരംഭത്തിലൂടെ, ഉപഭോക്താക്കൾക്ക് വിവിധതരം ഹെർബൽ-പ്രകൃതി പാനീയങ്ങൾ ലഭ്യമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഒരു സമഗ്ര ബിവറേജസ് കമ്പനിയെന്ന തലത്തിൽ സാന്നിധ്യം അരക്കിട്ടുറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആയുർവേദ ഉൽപ്പന്ന നിർമ്മാണ സംരംഭങ്ങളിലൊന്നായ ബൈദ്യനാഥ് ഗ്രൂപ്പിൽ നിന്നുള്ള മൂന്നാം തലമുറ സംരംഭകനായ സിദ്ധേഷ് ശർമ്മ 2018-ൽ സ്ഥാപിച്ച കമ്പനിയാണ് നേച്ചറഡ്ജ് ബിവറേജസ്. ഇന്ത്യൻ ആയുർവേദത്തിന്റെയും ആധുനിക പാനീയങ്ങളുടെയും ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. കമ്പനിയുടെ പതാകവാഹക ഉൽപ്പന്നമായ ‘ശുന്യ’, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ ശ്രദ്ധ നേടിയിരുന്നു. സീറോ- ഷുഗർ, സീറോ കലോറി ഡ്രിങ്കെന്ന നിലയിലാണ് ശൂന്യ ശ്രദ്ധ പിടിച്ചുപറ്റിയത്. ഹെർബ് അധിഷ്ഠിത ബിവറേജാണ് ശൂന്യ. അശ്വഗന്ധ, ബ്രഹ്മി, ഖുസ്, കൊകം, ഗ്രീൻ ടീ തുടങ്ങിയ ഇന്ത്യൻ സൂപ്പർ ഹെർബുകൾ അടങ്ങിയ പാനീയമാണ് ശൂന്യ.
‘ആയുർവേദത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആരോഗ്യ കേന്ദ്രീകൃത ഫംഗ്ഷണൽ പാനീയങ്ങൾ ചേർത്തുകൊണ്ട് ഞങ്ങളുടെ ബിവറേജസ് പോർട്ട്ഫോളിയോ ശക്തിപ്പെടുത്തുന്ന ഈ സംയുക്ത സംരംഭം പ്രഖ്യാപിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കേതൻ മോദി പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, ആരോഗ്യ ബോധമുള്ള ഉപഭോക്താക്കൾക്കിടയിൽ ശുന്യ വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്, കാരണം ഇത് സമകാലിക ഫോർമാറ്റുകളിൽ ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു.
‘ആർസിപിഎല്ലുമായുള്ള പങ്കാളിത്തം, ഉപഭോക്താക്കളിൽ ശൂന്യയുടെ അതിവേഗം വളരുന്ന സ്വീകാര്യതയുടെ തെളിവാണ്. ഉന്മേഷദായകവും രസകരവുമായ ഹെർബൽ-നാച്ചുറൽ ഫംഗ്ഷണൽ പാനീയങ്ങളോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം മനസിലാക്കി, ദേശീയ ബ്രാൻഡായി ശൂന്യയെ മാറ്റുന്നതിന് ഈ പങ്കാളിത്തം സഹായിക്കും. ആർസിപിഎല്ലിന്റെ വിശാലമായ വിതരണ ശൃംഖലയിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ശൂന്യ ലഭ്യമാക്കും,’ നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ സിദ്ധേഷ് ശർമ്മ പറഞ്ഞു.
കാമ്പ, കാമ്പ എനർജി, റാസ്‌കിക് തുടങ്ങിയ പ്രധാന ബിവറേജസ് ബ്രാൻഡുകളുടെ ഏറ്റെടുക്കലുകളിലൂടെ ഈ രംഗത്ത് സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് റിലയൻസ്. ഇതിനോടൊപ്പം ശൂന്യയുടെ ഏറ്റെടുക്കൽ കൂടി ആകുന്നതോടെ സമ്പൂർണ ബിവറേജസ് കമ്പനിയെന്ന തലത്തിൽ സാന്നിധ്യം ശക്തമാക്കാനുള്ള പദ്ധതികളിലാണ് ആർസിപിഎൽ.