ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ജിഡിപി വളർച്ചയിൽ വൻ കുതിച്ചു ചാട്ടം. 7.8 ശതമാനം വളർച്ചയാണ് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസം രാജ്യം കൈവരിച്ചത്. പ്രതീക്ഷിച്ചതിനെക്കാൾ ഒരു പോയിൻറ് കൂടുതലാണിത്. യുഎസ് തീരുവ തിരിച്ചടിയായിരിക്കെ ഈ വളർച്ച കേന്ദ്ര സർക്കാരിന് ആശ്വാസമായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൻറെ ആദ്യ പാദത്തിൽ വളർച്ച 6.5 ശതമാനം മാത്രമായിരുന്നു. കാർഷിക രംഗത്ത് ഇരട്ടിയിലധികം വളർച്ചയാണ് ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത്. ഉത്പാദന, നിർമ്മാണ മേഖലകളിലും പ്രതീക്ഷിച്ചതിനെക്കാൾ നേട്ടമുണ്ട്. വലിയ സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങൾ നോക്കുമ്പോൾ ഇന്ത്യയാണ് ഏറ്റവും വേഗത്തിൽ വളരുന്നതെന്ന് പ്രധാനമന്ത്രി ജപ്പാനിൽ വ്യവസായികളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടിയിരുന്നു. ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം ഈ മാസം മുതലാണ് വ്യക്തമാവുക. ഇത് ജൂലൈ-സെപ്റ്റംബർ പാദത്തിലെ ജിഡിപിയെ ബാധിച്ചേക്കുമെന്നാണ് നിരീക്ഷണം.
അടുത്ത പാദത്തിൽ ജിഡിപി വളർച്ചയിൽ ഒരു ശതമാനം വരെ കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് ജിഎസ്ടിയിൽ ഇളവ് ഉൾപ്പെടെ കൊണ്ടുവന്നും കയറ്റുമതി മേഖലയ്ക്ക് പിന്തുണപ്പാക്കേജ് അനുവദിച്ചും മറികടക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമുള്ളത്. കാർഷിക മേഖലയുടെ വളർച്ചനിരക്ക് മുൻവർഷത്തെ സമാനപാദത്തിലെ 1.5 ശതമാനത്തിൽ നിന്ന് കഴിഞ്ഞപാദത്തിൽ 3.7 ശതമാനമായി ഉയർന്നു.
എന്നാൽ ഖനന മേഖലയുടെ വളർച്ച 6.6 ശതമാനത്തിൽ നിന്ന് നെഗറ്റീവ് 3.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. വൈദ്യുതി, ഗ്യാസ്, ജലവിതരണം, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിന്റെ വളർച്ച 10.2ൽ നിന്ന് 0.5 ശതമാനത്തിലേക്ക് കുറഞ്ഞു. വ്യാപാരം, ഹോട്ടൽ, ട്രാൻസ്പോർട്, കമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റിങ് സേവനം എന്നിവയുൾപ്പെടുന്ന മേഖല 5.4ൽ നിന്ന് 8.6 ശതമാനത്തിലേക്ക് വളർച്ച കാണിച്ചിട്ടുണ്ട്.