ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാറിൻ്റെ സഞ്ചാരം മാപ്പ് ചെയ്ത് പോലീസ്. ഐ20 കാർ ഡൽഹിയിലേക്ക് കടന്നത് ഇന്നലെ രാവിലെ 8 മണിയോടെയാണെന്ന് പോലീസിന്റെ കണ്ടെത്തൽ. ഫരീദാബാദ് ഭാഗത്ത് നിന്ന് ബദർപൂർ ടോൾ ബൂത്തിലൂടെ ഡൽഹിയിലേക്ക് കടന്ന കാർ 8.30 ഓടെ ഓഖ്ല പെട്രോൾ പമ്പിലെത്തി. ഈ ഭാഗത്ത് കുറച്ചു നേരം കാത്തുകിടന്നു. വൈകുന്നേരം വരെ ദരിയാഗഞ്ച്, കശ്മീരി ഗേറ്റ്, സുനെഹ്‌രി മസ്ജിദിന് സമീപം സെൻട്രൽ ഓൾഡ് ഡൽഹിയിലൂടെ കറങ്ങി മൂന്നരയോടെ റെഡ് ഫോർട്ട് പാർക്കിംഗിലെത്തി.
ആറരയോടെയാണ് സിസിടിവിയിൽ പതിഞ്ഞ പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തേക്ക് കടക്കുന്നതുകാണാം. ഇതിന് പിന്നാലെയാണ് സ്ഫോടനം നടന്നതെന്നും പോലീസ് കണ്ടെത്തൽ. അതേസമയം ഡോക്ടർ ഉമർ മുഹമ്മദിൻറെ കശ്മീരിലെ വീട്ടിൽ എത്തിയ പോലീസ് അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തു. ഉമറിന് ഏതെങ്കിലും ഭീകര സംഘങ്ങളുമായി ബന്ധമുള്ളതായി അറിയില്ലെന്നും വീട്ടിൽ ശാന്ത സ്വാഭാവമായിരുന്നുവെന്നും സഹോദരൻറെ ഭാര്യ പ്രതികരിച്ചു.
സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന് ഡൽഹി പോലീസ് ഏകദേശം സ്ഥിരീകരിച്ചു. ഫരീദാബാദ് ഭീകര സംഘം പിടിയിലായതോടെ അവരുടെ കൂട്ടാളിയായ ഡോക്ടർ ഉമർ മുഹമ്മദ് ആസൂത്രണം ചെയ്തത് ആണ് സ്ഫോടനം എന്നാണ് ഇതുവരെയുള്ള നിഗമനം.
ഇതിനിടെ ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ തിരിച്ചറിഞ്ഞവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി.
അതേസമയം, സ്ഫോടനത്തിൽ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് രംഗത്തെത്തി. ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്നും രാഷ്ട്രത്തിന് ഉറപ്പ് നൽകുകയാണെന്നും രാജ്‍നാഥ് സിങ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് സുപ്രീംകോടതി അനുശോചനം അറിയിച്ചു.


















































