തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ വാര്‍ത്താസമ്മേളനത്തിനിടെ നാടകീയ സംഭവങ്ങള്‍. പാലീസ് മേധാവിയായി ചുമതല ഏറ്റെടുത്ത റാവാഡ ചന്ദ്രശേഖറിന്റെ ആദ്യ വാര്‍ത്താസമ്മേളനത്തിനിടെയാണ് സിനിമാ സ്റ്റൈല്‍ രംഗങ്ങള്‍ അരങ്ങേറിയത്. വാര്‍ത്താസമ്മേളനം നടക്കുന്ന ഹാളിലേക്ക് മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്ന വ്യാജേന എത്തിയ ആളാണ് രംഗം സങ്കീര്‍ണ്ണമാക്കിയത്. പോലീസ് യൂണിഫോം സിനിമാക്കാര്‍ക്ക് മറിച്ചുനല്‍കുന്നതിന് പരിഹാരം ഉണ്ടാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 30 വര്‍ഷം കാക്കിയിട്ട ആളാണെന്നും അനുഭവിച്ച ദുരിതത്തിന് നീതി കിട്ടിയില്ലെന്ന് പറഞ്ഞ് രേഖകളുമായിട്ടായിരുന്നു പരാതി.
”മുഖ്യമന്ത്രിക്ക് ഞാന്‍ പരാതി കൊടുത്തിരുന്നു. 30 വര്‍ഷം കാക്കിയിട്ട വേദന കൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ. 30 കൊല്ലം ഞാന്‍ അനുഭവിച്ച വേദനയാണ് സാര്‍..”പരാതിക്കാരന്‍ വിളിച്ചു പറഞ്ഞു. ചില ചിത്രങ്ങളും ഇദ്ദേഹം ഉയര്‍ത്തിക്കാട്ടി. ബഷീര്‍ വി.പി.എന്നാണ് പേരെന്നും കണ്ണൂര്‍ സ്വദേശിയാണെന്നും ഇയാള്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഐഡി ഉപയോഗിച്ചാണ് കയറിയത്. ഇപ്പോള്‍ ഗള്‍ഫിലുള്ള ഓണ്‍ലൈന്‍ മാധ്യമത്തിലെ മാധ്യമ പ്രവര്‍ത്തകനാണ്. കണ്ണൂര്‍ ഡിഐജി ഓഫിസിലാണ് എസ്‌ഐയായി ജോലി ചെയ്തിരുന്നത്. തന്നെ പീഡിപ്പിച്ചത് സംബന്ധിച്ചാണ് പരാതി പറഞ്ഞത്. കണ്ണൂര്‍ വിമാനത്താവളത്തിലാണ് അവസാനമായി ജോലി ചെയ്തത്. 2023ല്‍ വിരമിച്ചെന്നും ഇയാള്‍ പറഞ്ഞു.
തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ചുമതലയേറ്റതിനുപിന്നാലെ ഡിജിപി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസ് മേധാവിക്കൊപ്പം എഡിജിപി എച്ച്.വെങ്കിടേഷും എഡിജിപി എസ്.ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. സംഭലത്തിനുശേഷം പൊലീസെത്തി ഇയാളെ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. എങ്ങനെ ഇയാള്‍ അകത്തു കയറിയെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം പരാതിയുമായി അപ്രതീക്ഷിതമായി പൊലീസ് മേധാവിയുടെ മുന്നിലേക്കെത്തിയത് സുരക്ഷാ വീഴ്ചയായാണ് കാണുന്നത്.
അതേസമയം, ലഹരിവിരുദ്ധ പോരാട്ടത്തിന് പ്രാധാന്യം നല്‍കുമെന്ന് റാവാഡ എ.ചന്ദ്രശേഖര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാട്ടിലെ പ്രധാന പ്രശ്‌നമാണിത്. ലഹരിയെ നേരിടാനുള്ള നയം കൊണ്ടുവരും. നടപടികളെ ശക്തിപ്പെടുത്തും. സൈബര്‍ ക്രൈം മേഖലയില്‍ വിവിധ ഏജന്‍സികളെ കൂട്ടിയിണക്കി മുന്നോട്ടുപോകും. ക്രമസമാധാനപരിപാലനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എ ഡി ജി പി എച്ച് വെങ്കിടേഷ് റവാഡയ്ക്ക് ബാറ്റണ്‍ കൈമാറി. കേരളത്തിലെ 43 ആമത്തെ പൊലീസ് മേധാവിയാണ് റവാഡ ചന്ദ്രശേഖര്‍.