കണ്ണൂർ: ‘‘ജീവിക്കാനാകാത്ത സാഹചര്യമാണ്. യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്’’– കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീനയുടെ (40) ആത്മഹത്യക്കുറിപ്പിൽ യുവാക്കളുടെ ഭീഷണിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ.
മരിച്ച റസീനയും സുഹൃത്ത് റഹീസും സംസാരിച്ച് നിൽക്കുമ്പോൾ മൂന്നു ബൈക്കിലെത്തിയ യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സംബന്ധിച്ച് മോശമായി സംസാരിച്ചു. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ആത്മഹത്യയെന്നാണ് യുവതിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ടെന്ന് ഡിസിപി നിഥിൻരാജ് മാധ്യമങ്ങളോട് പറഞ്ഞു. അതുപോലെ ഭീഷണിപ്പെടുത്തിയ യുവാക്കളെ ചോദ്യം ചെയ്തു. ഭീഷണിക്ക് ആവശ്യമായ തെളിവ് ലഭിച്ചു. കൂടുതൽ ആൾക്കാരുടെ പങ്ക് മനസിലാക്കേണ്ടതുണ്ടെന്നും നിഥിൻ രാജ് പറഞ്ഞു.
അന്ന് സംഭവസ്ഥലത്തേക്ക് ആരൊക്കെ വന്നെന്ന് പോലീസ് വിശദമായി അന്വേഷിക്കും. സംസാരിച്ച് നിൽക്കുമ്പോൾ യുവാക്കൾ പ്രശ്നം ഉണ്ടാക്കുകയായിരുന്നെന്നും റഹീസിനെ സംഘം കൂട്ടിക്കൊണ്ടുപോയെന്നും റസീനയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. ഇക്കാര്യത്തിൽ സുഹൃത്ത് റഹീസിനെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യം മനസിലാകൂ. റഹീസിനെ നിലവിൽ കാണാനില്ല. പ്രതികളിലൊരാൾ യുവതിയുടെ ബന്ധുവാണ്. സുഹൃത്ത് കാരണമാണ് മരണമെന്ന് ആത്മഹത്യക്കുറിപ്പിലില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതുപോലെ റഹീസ് പണം തട്ടിയെടുത്തെന്ന യുവതിയുടെ ബന്ധുക്കളുടെ ആക്ഷേപം പരിശോധിക്കും. ആത്മഹത്യക്കുറിപ്പിൽ അക്കാര്യം ഇല്ല. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കൾ ഇടപെട്ട് പ്രശ്നങ്ങൾ രൂക്ഷമായതും. പിന്നീട് ചൊവ്വാഴ്ച റസീനയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. യുവാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മർദിക്കുകയും ചെയ്തുവെന്നും ആരോപണമുയർന്നിരുന്നു.
ഇതിനിടെ യുവതിയുടെ സുഹൃത്തിനെതിരെ ഉമ്മ രംഗത്തെത്തുകയായിരുന്നു. പോലീസ് പറയുന്ന വാദം തെറ്റാണ്. പുറത്തുനിന്നുള്ള ആൾക്കാരല്ല ബന്ധുക്കൾ തന്നെയാണ് പ്രതിസ്ഥാനത്തുള്ളവർ. റസീനയോട് സഹോദരങ്ങളുടെ സ്ഥാനത്തുനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞതാണ്. എൻറെ ഏട്ടത്തിയുടെ ഭർത്താവും മക്കളുമാണ് കാര്യങ്ങൾ ചോദിച്ചത്. മകളുടെ മരണത്തിൽ മയ്യിൽ സ്വദേശിയായ യുവാവിനെതിരെ പോലീസിലും മുഖ്യമന്ത്രിക്കും പരാതി കൊടുക്കും. റസീനയുടെ സ്വർണം മുഴുവൻ യുവാവ് തട്ടിയെടുത്തു. ഫോണിലൂടെയാണ് മയ്യിൽ സ്വദേശിയെ റസീന പരിചയപ്പെട്ടത്. അവനാണ് തൻ്റെ മകളെ കുടുക്കിയത്’ – റസീനയുടെ മാതാവ് ഫാത്തിമ പറഞ്ഞു.
അവളുടെ വിവാഹം നാൽപതോളം പവൻ സ്വർണം നൽകിയാണ് നടത്തിയത്. ഇപ്പോൾ സ്വർണമൊന്നുമില്ല. കൂടാതെ പലരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. ആ പണം മുഴുവൻ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭർത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭർത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാൻ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നതെന്നായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.