തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റ് തിരുത്തി പുതിയ പോസ്റ്റിട്ട് ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖ. താൻ എപ്പോഴും ഇരക്കൊപ്പമാണ് ഉള്ളതെന്നും നടപടി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ശ്രീലേഖ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്കൊപ്പമല്ലെന്ന തെറ്റായ വ്യാഖ്യാനം തന്റെ ആദ്യ പോസ്റ്റില്ഡ വന്നപ്പോൾ തന്നെ അത് തിരുത്തി. വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകേണ്ട കാര്യമില്ല. സ്വമേധയാ പോലീസിന് കേസെടുക്കാമായിരുന്നു എന്നാണ് ശ്രീലേഖ വിശദീകരിക്കുന്നത്. സ്വർണക്കൊള്ളയിൽ അന്വേഷണം കൃത്യമായി നടക്കുമ്പോൾ ഈ പരാതി വന്നതിൽ ആശങ്കയുണ്ട്. എല്ലാവരും ഇനി ഇതിൻ്റെ പിറകെ പോകുമെന്ന ആശങ്ക ഉണ്ടെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
ശ്രീലേഖയുടെ പോസ്റ്റ് ഇങ്ങനെ-
ഞാൻ ഇപ്പോഴും എപ്പോഴും അതിജീവിതയ്ക്കൊപ്പം മാത്രം…ഇത്രനാൾ അവൾ എന്തുകൊണ്ട് പരാതി നൽകിയില്ല? ഇത്രനാൾ എന്തുകൊണ്ട് കേസ് എടുത്തില്ല എന്ന ദുഃഖം മാത്രം! ഇപ്പോൾ എന്തിനു നേരിട്ട് മുഖ്യമന്ത്രിക്കു പരാതി നൽകി എന്ന ആശങ്ക മാത്രം!
പ്രതിക്ക് ഫോണും ഓഫാക്കി മുങ്ങാനുള്ള, മുൻകൂർ ജാമ്യാപേക്ഷ നേടാനുള്ള അവസരത്തിനോ? അതോ ശബരിമലയിൽ സ്വർണക്കൊള്ളയിൽ വമ്പന്മാരായ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാതിരിക്കാനോ? ഞാനൊരമ്മയാണ്, മുൻ പൊലീസുദ്യോഗസ്ഥയാണ്…ഇരകളെ സംരക്ഷിക്കുക എന്നതിൽ കാലതാമസമോ വീഴ്ചയോ വരാൻ പാടില്ല എന്ന് ദൃഢമായി വിശ്വസിക്കുന്നു!
അതേസമയം ഇത്ര നാൾ യുവതി എന്തുകൊണ്ട് പരാതി നൽകിയില്ല എന്നായിരുന്നു ആദ്യം പോസ്റ്റിലെ ആർ ശ്രീലേഖ ചോദ്യം. എന്നാൽ പോസ്റ്റ് ചർച്ചയായതോടെ തിരുത്തി പുതിയ പോസ്റ്റിട്ടു.


















































