തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. രാഹുലിന്റെ നിർദേശപ്രകാരം ഗർഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയാണെന്നാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി. എന്നാൽ യുവതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഗുളിക എത്തിച്ചതെന്നും ഗുളികയെപ്പറ്റി മറ്റൊരറിവുമില്ലെന്നുമാണ് ജോബിയുടെ ഹർജിയിൽ പറയുന്നു. അതേസമയം രാഹുലിനൊപ്പം ഇയാളും ഒളിവിലാണ്. കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റി.
ഇന്നലെ ഹോംസ്റ്റേയിൽവച്ചു പീഡിപ്പിച്ചു എന്ന കേസിൽ രാഹുലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 3 മാസത്തേക്ക്, ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിനു മുൻപിൽ ഹാജരാകണം. ഇതിനുപുറമേ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറ നിർദേശിച്ചു. കൂടാതെ രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. ഇതിനെതിരെ പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.















































