പാലക്കാട്: ലൈംഗികാരോപണങ്ങൾക്കും വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട് എത്തി. ലൈംഗികാരോപണങ്ങൾ നേരിട്ടതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് എത്തുന്നത്.
അതേസമയം രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎൽഎ ഓഫിസ് തുറന്നിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഓഫിസിനു മുന്നിൽ രാഹുലിനെ സ്വീകരിക്കാനെത്തിച്ചേർന്നിട്ടുണ്ട്. രാഹുൽ എത്തിയതോടെ പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്തെത്തുമോയെന്ന സംശയത്തിൽ ഓഫിസ് പരിസരത്ത് പോലീസ് സുരക്ഷയും വർധിപ്പിച്ചു. എന്നാൽ രാഹുൽ മണ്ഡലത്തിലെത്തിയാൽ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു.
യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിലേക്കു തിരിച്ചു വരുമെന്ന് പറഞ്ഞിരുന്നു. പാലക്കാടിനു നാഥനില്ലാത്ത അവസ്ഥ ഉടൻ പരിഹരിക്കപ്പെടും. രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലേക്ക് തിരിച്ചു വരും. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഓഗസ്റ്റ് 17നാണ് രാഹുൽ അവസാനമായി പാലക്കാട്ട് എത്തിയത്.