ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ തുടങ്ങുന്നതിനു മുൻപ്തന്നെ ആക്രമിക്കാൻ പോകുന്നുവെന്ന കാര്യം പാക്കിസ്ഥാനെ അറിയിച്ചുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. അറിയിച്ചുവെന്നു വിദേശകാര്യമന്ത്രാലയം പൊതുയിടത്തിൽ ഇക്കാര്യം സമ്മതിച്ചതാണ്. ഇതിന് ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.
ഭീകരകേന്ദ്രങ്ങൾ ഇന്ത്യ ലക്ഷ്യമിടുന്നവെന്ന് കേന്ദ്ര സർക്കാർ പാക്കിസ്ഥാനെ നേരത്തെ അറിയിച്ചുവെന്നും ഇത് കുറ്റകരമാണെന്നും രാഹുൽ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിക്കുകയായിരുന്നു. അതേപോലെ വ്യോമസേനയുടെ എത്ര വിമാനങ്ങൾ ഓപ്പറേഷൻ സിന്ദൂറിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധി എക്‌സ് പോസ്റ്റിൽ ചോദിച്ചു
വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നുവെന്ന് പറയുന്ന വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ഇസ്ലാമാബാദുമായി ഇത്തരം വിവരങ്ങൾ പങ്കുവച്ചതിന്റെ ഫലമായി ഇന്ത്യൻ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ഓപ്പറേഷൻ ആരംഭിക്കുമ്പോൾ തന്നെ പാക്കിസ്ഥാന് സന്ദേശം അയച്ചിരുന്നു. ഞങ്ങൾ തീവ്രവാദികളെയാണ് ലക്ഷ്യമിടുന്നത്, സൈന്യത്തെയല്ല. അതുകൊണ്ട് തന്നെ സൈന്യത്തിന് ഇതിൽ നിന്ന് വേറിട്ടുനിൽക്കാവുന്നതാണ്. എന്നാൽ അവർ ആ ഉപദേശം സ്വീകരിക്കാൻ തയ്യാറായില്ല- എന്നായിരുന്നു എസ്. ജയ്ശങ്കർ പറഞ്ഞത്. ഈ വീഡിയോ അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം.
എന്നാൽ രാഹുൽ ഗാന്ധിയുടെ എക്‌സ് പോസ്റ്റിനെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടത്തിന് ശേഷമാണ് ഇന്ത്യൻ നീക്കത്തെ കുറിച്ച് അറിയിച്ചത്. ഇത് ഓപ്പറേഷൻ സിന്ദൂറിന് മുൻപ് എന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു. ഇത് പ്രതിഷേധാർഹമെന്നും മന്ത്രാലയം പറഞ്ഞു.
Informing Pakistan at the start of our attack was a crime.
EAM has publicly admitted that GOI did it.
1. Who authorised it?
2. How many aircraft did our airforce lose as a result? pic.twitter.com/KmawLLf4yW— Rahul Gandhi (@RahulGandhi) May 17, 2025