ന്യൂഡൽഹി: ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്ക് നേരെ കണ്ണടച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉടൻ പരിഹാരം കാണേണ്ട തീവ്ര വിഷയങ്ങളാൽ ഉഴലുകയാണ് രാജ്യം. യുവാക്കൾ തൊഴിലില്ലായ്മയാൽ നിരാശയിലാണ്. ഉൽപ്പാദന മേഖലയും മരവിച്ചു; ഉല്പാദനം കുറയുന്നു. രാജ്യത്തെ വലിയൊരു വിഭാഗമായ കർഷകർ തീരാദുരിതത്തിലുമാണ്. അദ്ദേഹം പറഞ്ഞു.ആഗോള അനിശ്ചിതത്വങ്ങൾ, വ്യാപാര സംഘർഷങ്ങൾ, യുഎസ് താരിഫുകൾ, കയറ്റുമതിയിലെ മാന്ദ്യം എന്നിവയുടെ പശ്ചാത്തലത്തിലാണ് ബജറ്റ് വന്നത്. ഇത്തരം വെല്ലുവിളികളെ രാജ്യം എങ്ങനെ അഭിമുഖീകരിക്കും, മറികടക്കും എന്നതൊന്നും ഈ ബജറ്റിലുണ്ടായില്ലയെന്നും ലോക്സഭാപ്രതിപക്ഷനേതാവ്ചുണ്ടിക്കാട്ടി.
‘ഇന്ത്യയുടെ യഥാർത്ഥ പ്രതിസന്ധികൾക്ക് നേരെ കണ്ണടച്ച്, ഗതി തിരുത്താൻ വിസമ്മതിക്കുന്ന ഒരു ബജറ്റ്- ‘ സോഷ്യൽ മീഡിയ ഇടമായ എക്സിൽ പങ്കുവച്ച പോസ്റ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.
‘രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ വലയുന്നു. ഉൽപ്പാദനം കുറയുന്നു. നിക്ഷേപകർ മൂലധനം പിൻവലിക്കുന്നു. ഗാർഹിക സമ്പാദ്യം കുത്തനെ ഇടിയുന്നു. കർഷകർ ദുരിതത്തിലാണ്. ഇതിനെല്ലാം പുറമേ, ആഗോള വെല്ലുവിളികൾ വേറെയും. എല്ലാം അവഗണിക്കപ്പെടുന്നു‘ അദ്ദേഹം പറഞ്ഞു.














































