തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൈൻഡ് ചെയ്തില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം വിശദീകരിക്കുന്നുണ്ട്. തന്റെ സർവീസിൽ ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.
വേദിയിൽ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷൻമാരിൽ ഒരാളായതുക്കൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വർഷം പരിശീലിച്ചതും ചെയ്തതും പോലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. വളരെ അധികം വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോൾ എനിക്ക് നൽകപ്പെട്ടിട്ടുള്ള സ്ഥാനത്ത് ഇരിക്കുക, നിലയുറപ്പിക്കുക എന്നതാണ് പാർട്ടിപ്രവർത്തക എന്ന നിലയ്ക്ക് ചെയ്യേണ്ടതെന്നാണ് ധരിച്ചത്.
ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നത്. വിവിഐപി എൻട്രൻസിലൂടെ പ്രവേശിച്ച് അതിലെതന്നെ പ്രധാനമന്ത്രി മടങ്ങുമ്പോൾ താൻ അങ്ങോട്ടേക്ക് ചെല്ലുന്നത് ശരിയല്ലല്ലോ എന്നാണ് ചിന്തിച്ചതെന്നും ആരും തെറ്റിധരിക്കണ്ടെന്നും എപ്പോഴും ബിജെപിക്കൊപ്പമാണെന്നും ആർ. ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ച് വീഡിയോയിൽ പറഞ്ഞു.














































