തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. 17കാരി നൽകിയ ക്വട്ടേഷൻ പ്രകാരമാണ് യുവാവിന് മൂന്നംഗ സംഘം മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെണ്‍കുട്ടിയടക്കം നാലുപേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയെ റഹീം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിനാണ് ക്വട്ടേഷഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്.
പെണ്‍കുട്ടി നൽകിയ ക്വട്ടേഷൻ പ്രകാരം മൂന്നംഗ സംഘം റഹീമിനെ ജഡ്ജിക്കുന്നില്‍ വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. റഹീമിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
സിനിമ മേഖലയിൽ പിആര്‍ഒ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് റഹീം. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും റഹീമും പരിചയമുണ്ട്. തന്നെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുന്നത് പതിവാണെന്നും സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പുറകെ നടക്കുകയാണെന്നും മുന്നറിയിപ്പ് നൽകിയിട്ടും ശല്യം ചെയ്യുന്നത് തുടര്‍ന്നുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഇതോടെ ഇക്കാര്യം ബന്ധുവിനോട് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് റഹീമിനെ ജഡ്ജിക്കുന്നിലേക്ക് പെണ്‍കുട്ടി വിളിച്ചുവരുത്തി. അവിടെ വച്ചും പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന നാലംഗ സംഘം റഹീമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് ചോരയിൽ കുളിച്ചുകിടക്കുന്ന റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റു മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.