മുള്ളൻപൂർ (മൊഹാലി): ലോ സ്‌കോറിംഗ് ത്രില്ലറിൽ നിലവിലെ ചാമ്പ്യൻമാരെ വെട്ടിവീഴ്ത്തി ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സ്. 112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ മറുപടി 15.1 ഓവറിൽ 95 എല്ലാവരേയും കൂടാരംകയറ്റി പഞ്ചാബ്. 62ന് രണ്ട് എന്ന ശക്തമായ നിലയിൽ നിന്ന് യുസ്‌വേന്ദ്ര ചഹാലിന്റെ മാസ്മരിക സ്പിൻ ബൗളിംഗിന് മുന്നിൽ കൊൽക്കത്ത നിലംപരിശാവുകയായിരുന്നു. ഇതോടെ ഐപിഎൽ ചരിത്രത്തിൽ ഒരു ടീം പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്‌കോർ എന്ന റെക്കോഡും പഞ്ചാബിന് സ്വന്തമായി.
ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ തുടക്കം ഒട്ടും മികച്ചതായിരുന്നില്ല. 1.2 ഓവർ പിന്നിട്ടപ്പോഴേക്കും ഓപ്പണർമാരായ സുനിൽ നരെയ്ൻ 5(4), ക്വിന്റൺ ഡി കോക്ക് 2(4) എന്നിവർ ഡഗ്ഔട്ടിലേക്ക് മടങ്ങി. ഈ സമയത്തെ ടീം സ്‌കോർ വെറും ഏഴ് റൺസ് മാത്രം. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ അജിങ്ക്യ റഹാനെ 17(17), യുവതാരം അൻക്രിഷ് രഘുവംശി 37(28) എന്നിവർ 55 റൺസ് കൂട്ടുകെട്ട് കൊൽക്കത്തയെ അനായാസ ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാൽ യുസ്‌വേന്ദ്ര ചഹൽ കളത്തിലിറങ്ങിയതോടെ കളി മാറുകയായിരുന്നു. ഇരുവരേയും മടക്കിയതോടെ പഞ്ചാബിന് പ്രതീക്ഷയായി. സ്‌കോർ 72ന് നാല്.
തൊട്ടടുത്ത ഓവറിൽ മാക്‌സ്‌വെൽ വെങ്കിടേഷ് അയ്യരെ 7(4) വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ കൊൽക്കത്ത കൂടുതൽ പരുങ്ങി. അടുത്തടുത്ത പന്തുകളിൽ റിങ്കു സിംഗ് 2(9), രമൺദീപ് സിംഗ് എന്നിവരും യുസ്‌വേന്ദ്ര ചഹലിന് മുന്നിൽ വീണപ്പോൾ കൊൽക്കത്ത 79ന് എട്ട്. ചഹലിന്റെ അവസാന ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറും പറത്തി ആേ്രന്ദ റസൽ കൊൽക്കത്തയ്ക്ക് പ്രതീക്ഷ നൽകി. 15ാം ഓവറിൽ വൈഭവ് അരോറ 0(7) അർഷ്ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
അവസാന അഞ്ച് ഓവറിൽ 17 റൺസ് മാത്രമായിരുന്നു കൊൽക്കത്തയ്ക്ക് ഒരു വിക്കറ്റ് ശേഷിക്കെ വേണ്ടിയിരുന്നത്. മാർക്കോ യാൻസൻ എറിഞ്ഞ 16ാം ഓവറിലെ ആദ്യ പന്തിൽ ആന്ദ്രേ റസൽ 17(11) ക്ലീൻ ബൗൾഡ് ആയതോടെ കൊൽക്കത്തയുടെ ഇന്നിംഗ്‌സിന് തിരശീല വീഴുകയായിരുന്നു. യുസ്‌വേന്ദ്ര ചഹൽ നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മാർക്കോ യാൻസൻ മൂന്ന് വിക്കറ്റുകൾ സ്വന്തം പേരിലാക്കി. സേവ്യർ ബാർട്ലെറ്റ്, അർഷ്ദീപ് സിംഗ്, മാക്‌സ്‌വെൽ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
ആദ്യം ബാറ്റ് ചെയ്ത് 15.3 ഓവറിൽ വെറും 111 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഓപ്പണർമാരായ പ്രിയാൻഷ് ആര്യ 22(12), പ്രഭ്സിംറാൻ സിംഗ് 30(15) എന്നിവർ മികച്ച തുടക്കം നൽകിയതിന് ശേഷമാണ് ബാറ്റിംഗ് പിച്ചിൽ അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് പഞ്ചാബിന് വിനയായത്.
3.2 ഓവറിൽ 39 റൺസ് എന്ന നിലയിൽ ടീം സ്‌കോർ എത്തിയ ശേഷമാണ് ആദ്യ വിക്കറ്റ് വീണത്. പ്രിയാൻഷ് ആര്യ പുറത്തായതിമ്പിന്നാലെ അതേ ഓവരിൽ നായകൻ ശ്രേയസ് അയ്യർ 0(2) മടങ്ങി. ജോഷ് ഇംഗ്ലിസ് 2(6) വരുൺ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയപ്പോൾ ഹർഷിത് റാണയ്ക്ക് മൂന്നാമത്തെ വിക്കറ്റ് സമ്മാനിച്ച് പ്രഭ്സിംറാനും മടങ്ങിപ്പോയി. നെഹാൽ വധേര 10(9), ഗ്ലെൻ മാക്സ്വെൽ 7(10) എന്നിവരും ബാറ്റ് വച്ച് കീഴടങ്ങിയപ്പോൾ 9.1 ഓവറിൽ 76ന് ആറ് എന്ന സ്‌കോറിലേക്ക് പഞ്ചാബ് വീണു. ഇംപാക്ട് സബ് റോളിലെത്തിയ സുയാൻഷ് ഷെഡ്ഗെ 4(4) പുറത്തായി.
ശശാങ്ക് സിംഗ് 18(17), മാർക്കോ യാൻസൻ 1(2), സേവ്യർ ബാർട്ലെറ്റ് 11(15) അർഷ്ദീപ് സിംഗ് പുറത്താകാതെ ഒരു റൺ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ എളിയ സംഭാവനകൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഹർഷിത് റാണ പഞ്ചാബിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. വരുൺ ചക്രവർത്തിക്കും സുനിൽ നരെയ്നും രണ്ട് വിക്കറ്റുകൾ വീതം ലഭിച്ചപ്പോൾ വൈഭവ് അരോറയും ആന്റിച്ച് നോർക്യയും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.