കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രാജ്യം ഉറ്റുനോക്കുന്ന നിർണായക വിധി ഇന്നുണ്ടാകും. മുഖ്യ ആസൂത്രകനും എട്ടാം പ്രതിയുമായ നടൻ ദിലീപ് അടക്കം പത്തു പ്രതികൾ കുറ്റക്കാരണോ എന്നത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 11 മണിക്ക് ശേഷം ഉത്തരവ് പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിൻറെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
നടിയെ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നതടക്കമുള്ള കുറ്റങ്ങൾ പ്രോസിക്യൂഷൻ ആരോപിക്കുന്ന നടൻ ദിലീപിൻറെ കേസിന്റെ ക്ലൈമാക്സ് എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ആറുവർഷം നീണ്ട രഹസ്യ വിചാരണയുടെ സുപ്രധാന വിവരങ്ങളടക്കം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ കോടതിയെ അറിയിച്ചത്. തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടൻ ദിലീപിൻറെ വാദം പൾസർ സുനി ഏറ്റവും ഒടുവിൽ കോടതിയിൽ തള്ളിയതും ശ്രദ്ധേയമാണ്. വിചാരണക്കിടെയാണ് തങ്ങളിരുവർക്കും പരസ്പരം അറിയാമെന്ന് പൾസർ അറിയിച്ചത്. പൾസർ സുനിലിനെ യാതൊരു പരിചയവുമില്ലെന്ന നാളിതുവരെയുളള ദിലീപ് പറഞ്ഞിരുന്നത്.
അതേസമയെ ആറുവർഷം നീണ്ട രഹസ്യവിചാരണ പൂർത്തിയാക്കിയാണ് ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് രാജ്യം ഉറ്റുനോക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയ്ക്കും സംഘത്തിനും പുറമേ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന നടൻ ദിലീപിൻറെ കാര്യത്തിൽ കൂടി കോടതി എന്തു നിലപാടെടുക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നത്.
കാവ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും ഇരുവരുമുള്ള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് പിണക്കത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്നടക്കം ദിലീപ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നടി വിവരിച്ചിട്ടുണ്ട്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും മുമ്പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. 2017 ജനുവരി 03 ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാൽ ഷൂട്ടിങ് നേരത്തെ പൂർത്തിയാക്കി നടി മടങ്ങിയതിനാൽ കൃത്യം നടന്നില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. പിന്നീട് 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്.



















































