എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം “നികിത റോയ്” 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ഔദ്യോഗിക റിലീസ് തീയതി വെളിപ്പെടുത്തുന്ന ശ്രദ്ധേയമായ പുതിയ പോസ്റ്റർ നിർമ്മാതാക്കൾ ഇന്ന് പുറത്തിറക്കി. നിക്കി, വിക്കി ഭഗ്നാനി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ സോനാക്ഷി സിൻഹ, അർജുൻ രാംപാൽ, പരേഷ് റാവൽ, സുഹൈൽ നയ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കുഷ് എസ് സിൻഹ സംവിധാനം ചെയ്ത ഈ ചിത്രം, നിഗൂഢത, മാനസിക പിരിമുറുക്കം, മനുഷ്യ ദുർബലത എന്നിവയുടെ പ്രമേയങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന, ഒരു സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നു.
നികിത പൈ ഫിലിംസ് ലിമിറ്റഡിന്റെ നിർമ്മാണത്തിൽ, കിഞ്ചൽ അശോക് ഘോൺ, നിക്കി ഖേംചന്ദ് ഭഗ്നാനി, വിക്കി ഭഗ്നാനി, അങ്കുർ തക്രാനി, ദിനേശ് രതിറാം ഗുപ്ത, ക്രാറ്റോസ് എന്റർടൈൻമെന്റ് എന്നിവരുമായി സഹകരിച്ച് ഈ ചിത്രം ഒരുക്കിയിരിക്കുന്നു. പ്രശസ്ത ത്രില്ലർ എഴുത്തുകാരൻ പവൻ കിർപലാനിയാണ് ചിത്രത്തിൻ്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.
ചിത്രം എത്തുന്നതിലുള്ള ആവേശം പങ്കുവെച്ചുകൊണ്ട് നിർമ്മാതാക്കളായ നിക്കിയും വിക്കി ഭഗ്നാനിയും പറഞ്ഞത് ഈ ചിത്രം തങ്ങളുടെ ഹൃദയങ്ങളോട് വളരെ അടുത്താണ് എന്നും, മിക്ക മുഖ്യധാരാ സിനിമകളും പോകാൻ ധൈര്യപ്പെടാത്തിടത്തേക്ക് ഇത് സഞ്ചരിക്കുന്നു എന്നുമാണ്. ശക്തമായ താരനിര, ആകർഷകമായ ആഖ്യാനം, കുഷ് എസ് സിൻഹയുടെ അതുല്യമായ കാഴ്ചപ്പാട് എന്നിവ കൊണ്ട് ഒരു ഗംഭീര തീയേറ്റർ അനുഭവം ആയിരിക്കും ‘നികിത റോയ്’ പ്രേക്ഷകർക്ക് നൽകുക എന്നും അവർ സൂചിപ്പിച്ചു.
ആനന്ദ് മേത്ത, പ്രകാശ് നന്ദ് ബിജ്‌ലാനി, ശക്തി ഭട്‌നഗർ, മെഹ്‌നാസ് ഷെയ്ഖ്, പ്രേം രാജ് ജോഷി എന്നിവരും ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളാണ്. കൗതുകകരമായ പ്രമേയം, ശക്തമായ ഒരു കൂട്ടുകെട്ട്, വ്യത്യസ്തമായ കഥാഖ്യാന ശൈലി എന്നിവയാൽ, “നികിത റോയ്” ഈ വർഷത്തെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ത്രില്ലറുകളിൽ ഒന്നായി മാറുകയാണ്. 2025 മെയ് 30 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.