തിരുവനന്തപുരം: തലസ്ഥാനത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠനെന്ന് പൊലീസ്. അനന്തപുരി മണികണ്ഠനെ പൊലീസ് പ്രതിയാക്കും. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാൻ വ്യാജ ഇഷ്ടദാന കരാർ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
ജവഹർനഗറിലെ 10 മുറികളുള്ള കെട്ടിടവും 14 സെൻറ് സ്ഥലവുമാണ് വ്യാജ ആധാരത്തിലൂടെ ഭൂമാഫിയ സംഘം തട്ടിയെടുത്തത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഡോറ അസറിയ ക്രിസ്തിന് പാരമ്പര്യമായി കിട്ടിയ സ്വത്താണ് വ്യാജ രേഖകള്‍ ചമച്ച് മാഫിയ സംഘം തട്ടിയെടുത്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ചത് വെണ്ടറും കോണ്‍ഗ്രസ് നേതാവുമായ മണികണ്ഠനാണെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ പിടിയിലായ കൊല്ലം സ്വദേശി മെറിന്‍റെയും വസന്തയുടെയും മൊഴിയിൽ നിന്നാണ് മണികണ്ഠനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലിസിന് ലഭിക്കുന്നത്. ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേനയാണ് മെറിന്‍റെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. മുക്കോല സ്വദേശിയായ വസന്തയെ ഡോറയായി ആള്‍മാറാട്ടം നടത്തി കവടിയാർ രജിസ്ട്രേഷൻ ഓഫീസിലെത്തിച്ചു. ക്യാൻസർ രോഗിയാണ് വസന്ത.