കുറുപ്പന്തറ: എട്ടു മാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം മുതുകാട്ടുപറമ്പിൽ അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണി (32) ആണു പ്രസവ തിയതി അടുത്തിരിക്കെ ജീവനൊടുക്കിയത്. സംഭവത്തിൽ അമിതയുടെ മാതാപിതാക്കളുടെ പരാതിയിൽ വീട് പോലീസ് മുദ്രവച്ച് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഞായറാഴ്ച രാത്രി പത്തരയോടെ കണ്ടാറ്റുപാടത്തെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിലെ ഫാനിലാണ് അമിതയെ തൂങ്ങിയ നിലയിൽ കണ്ടത്. ഈ സമയം ഭർത്താവ് അഖിൽ വീട്ടിലുണ്ടായിരുന്നില്ല.
അതേസമയം മരിക്കുന്നതിനു മുൻപ് കടപ്ലാമറ്റത്തെ സ്വന്തം വീട്ടിലുള്ള അമ്മ എൽസമ്മയെ ഫോണിൽ വിളിച്ച്, താൻ ജീവനൊടുക്കുകയാണെന്നും കുട്ടികളെ സംരക്ഷിക്കണമെന്നും പറഞ്ഞതിനു ശേഷമാണ് അമിത ജീവനൊടുക്കിയതെന്നു പോലീസ് പറഞ്ഞു. മകൾ വിളിച്ചയുടനെ എൽസമ്മ അഖിലിനെ ഫോണിൽ വിളിച്ചു. അഖിൽ വീട്ടിലെത്തിയപ്പോൾ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
നാലര വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. 2 മക്കളുണ്ട്. സൗദിയിൽ നഴ്സായി ജോലി ചെയ്തിരുന്ന അമിത ഒരു വർഷം മുൻപാണു നാട്ടിലെത്തിയത്. സംസ്കാരം ഇന്നു 4നു കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയിൽ. പിതാവ്: കടപ്ലാമറ്റം നൂറ്റിയാനിക്കുന്നേൽ സണ്ണി. മക്കൾ: അനേയ, അന്ന.
ഏപ്രിൽ പകുതിയോടെ പ്രസവത്തീയതി നിശ്ചയിച്ചു കാത്തിരിക്കുമ്പോഴാണ് അമിതയുടെ മരണം. ഞായറാഴ്ച രാവിലെ മുതൽ അഖിലും അമിതയും വഴക്കുണ്ടാക്കിയിരുന്നെന്നും രാത്രി അഖിൽ പുറത്തുപോയതിനു പിന്നാലെയാണു മകൾ ജീവനൊടുക്കിയതെന്നും മകളുടെ മരണത്തിൽ സംശയമുണ്ടെന്നും അമിതയുടെ മാതാപിതാക്കളായ സണ്ണിയും എൽസമ്മയും പറഞ്ഞു. വിവാഹസമയത്ത് 15 പവനും 2 ലക്ഷം രൂപയും നൽകിയിരുന്നു. ഇപ്പോൾ ഒരു തരി സ്വർണം പോലും മകളുടെ പക്കലില്ലെന്നും എൽസമ്മ പറഞ്ഞു.