ഹൈദരാബാദ്∙ പ്രശസ്ത തെലുങ്കു പിന്നണി ഗായികയും ഐഡിയാ സ്റ്റാർ സിംഗർ വിജയിയുമായ കൽപന രാഘവേന്ദർ (45)ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിസാംപേട്ടിലെ വസതിയിൽ അളവിൽ കൂടുതൽ ഉറക്കഗുളിക കഴിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. രണ്ടു ദിവസമായിട്ടും വീടിന്റെ വാതിൽ അടഞ്ഞ് കിടക്കുന്നതു കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് മറ്റുള്ളവരെ വിവരമറിയിച്ചത്. പിന്നാലെ പോലീസെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവ സമയത്ത് കൽപനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. ഗായിക അപകട നില തരണം ചെയ്തതായാണ് വിവരം ഗായകൻ ടി.എസ്. രാഘവേന്ദ്രയുടെ മകളാണ് കൽപന. കൽപനയ്ക്കു ബോധം വീണ്ടെടുത്താൽ കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കും. അവരുടെ നില സ്ഥിരമാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും കെപിഎച്ച്‌ബി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, ഇത്തരമൊരു തീവ്രമായ നടപടിയിലേക്ക് അവരെ നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. 2010 ഐഡിയാ സ്റ്റാർ സിംഗർ വിജയിയാണ് കൽപന.