ജയ്പൂർ: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജി രാജ്യത്തുടനീളം രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകുമെന്ന് സൂചന, ധൻഖറിന് രാജസ്ഥാനുമായുള്ള ആഴത്തിലുള്ള ബന്ധം പ്രതികരണങ്ങൾ രൂക്ഷമാക്കുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ആർപിസിസി) പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസരയും ബിജെപിക്കും ആർഎസ്‌എസിനുമെതിരെ അതി രൂക്ഷമായ രാഷ്‌ട്രീയ ആക്രമണങ്ങളാണ് അഴിച്ചുവിടുന്നത്, ധൻഖറിന്റെ അപ്രതീക്ഷിത രാജി തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണത്തെ ചോദ്യം കോൺഗ്രസ് ചോദ്യം ചെയ്തു തുടങ്ങി. ജഗ്ദീപിന്റെ രാജി ആരോഗ്യകാരണങ്ങളാലാണെന്നു വിശ്വസിക്കാനാവില്ലെന്നു കോൺഗ്രസ് പ്രതികരിച്ചു.
ഈ സംഭവവികാസത്തെ “സംശയാസ്പദം” എന്ന് വിശേഷിപ്പിച്ച ഗെഹ്‌ലോട്ട്, രാജ്യത്ത് ഒരു പുതിയ രാഷ്ട്രീയ നീക്കം ആരംഭിക്കാനുള്ള ആർഎസ്‌എസ്-ബിജെപി തന്ത്രമെന്നാണ് പറഞ്ഞത്. “രാജസ്ഥാനിലെ ജനങ്ങൾ ഞെട്ടിപ്പോയി. പാർലമെന്റിനകത്തും പുറത്തും അദ്ദേഹം എപ്പോഴും കർഷകർക്കുവേണ്ടി ശബ്ദമുയർത്തിയിട്ടുണ്ട്. നമ്മുടെ മണ്ണിന്റെ മകൻ- അദ്ദേഹത്തെപ്പോലുള്ള ഒരാൾ ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ചാൽ, സ്വാഭാവികമായും പൊതുജനങ്ങൾ അതിനെ ചോദ്യം ചെയ്യാൻ ബാധ്യസ്ഥരാണ്,” ഗെഹ്‌ലോട്ട് പറഞ്ഞു.
“എല്ലാവരും പറയുന്നത് രാജിക്കു പിന്നിൽ ആരോഗ്യപരമായ കാരണങ്ങളൊന്നുമില്ലെന്നാണ് – മറ്റെന്തെങ്കിലും ഉണ്ടായിരിക്കണം. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഉപരാഷ്ട്രപതി രാജിവയ്ക്കുന്നത്. പ്രധാനമന്ത്രിയോ, രാഷ്ട്രപതിയോ ഹൃദയ ശസ്ത്രക്രിയയ്ക്കോ, ബൈപാസിനോ വിധേയരാകുമ്പോൾ പോലും അവർ രാജിവയ്ക്കാറില്ല. ആരോഗ്യത്തിന്റെ പേരിൽ ഇത് എങ്ങനെ ന്യായീകരിക്കാൻ കഴിയും?” ഗെലോട്ട് ചോദിച്ചു.
അതേസമയം സമാനമായ വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട്, ദോത്താസര രാജി ഞെട്ടിപ്പിക്കുന്നതാണെന്നു പ്രതികരിച്ചു, ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനത്തിന് പിന്നിലെ ഒരേയൊരു കാരണം ആരോഗ്യപ്രശ്നങ്ങളാണെന്ന് വിശ്വസിക്കാൻ പ്രയാസമാണെന്നും പറഞ്ഞു. “ഉപരാഷ്ട്രപതിയുടെ രാജി ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഔദ്യോഗിക വിശദീകരണത്തിൽ ഞങ്ങൾക്ക് വിശ്വാസമില്ല,” അദ്ദേഹം പറയുന്നു.
ഒരു പ്രമുഖ ജാട്ട് നേതാവെന്ന നിലയിൽ ധൻഖറിന്റെ ഐഡന്റിറ്റി കാരണം രാജസ്ഥാനിൽ ഈ വിഷയം കൂടുതൽ രാഷ്ട്രീയ പ്രാധാന്യം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ജനസംഖ്യാ വിഹിതം കൈവശം വയ്ക്കുകയും 200 സീറ്റുകളിൽ ഏകദേശം 50 സീറ്റുകളിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ജാട്ട് സമുദായത്തെ ഒരു പ്രധാന വോട്ടിംഗ് ബ്ലോക്കായി കാണുന്നു.
ജാട്ട് സമുദായത്തെ, പ്രത്യേകിച്ച് കർഷകരെ, ബിജെപി ആസൂത്രിതമായി മാറ്റിനിർത്തുകയാണെന്ന് ദോത്താസര ആരോപിച്ചു. ധൻഖറിന്റെ പെട്ടെന്നുള്ള രാജിയോടെ ദേശീയ തലത്തിൽ ബിജെപിയിൽ ജാട്ട് സമുദായത്തിന് വലിയ പ്രാതിനിധ്യം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. “ബിജെപി വളരെക്കാലമായി ജാട്ട് പ്രാതിനിധ്യം അവഗണിച്ചു. ധൻഖർ പോയതോടെ, രാജസ്ഥാനിൽ നിന്നുള്ള ഒരു പ്രമുഖ ജാട്ട് നേതാവും ഉന്നത ഭരണഘടനാപരമോ സംഘടനാപരമോ ആയ പദവികളിൽ ഇല്ല,” ദോത്താസര പറഞ്ഞു.
അതുപോലെ ബിജെപി ജാട്ട് സമുദായത്തെ അവഗണിക്കുകയാണെന്ന് കോൺഗ്രസ് ആവർത്തിച്ച് ആരോപിക്കുന്നു. അതേസമയം രാജസ്ഥാനിലെ കോൺഗ്രസ് സംഘടനയെ നിലവിൽ നയിക്കുന്നത് ജാട്ട് നേതാവാണ് ഗോവിന്ദ് സിംഗ് ദോത്താസര.
ബിജെപിയുടെ പ്രാതിനിധ്യ അസന്തുലിതാവസ്ഥ
ഭജൻലാൽ ശർമ്മ നയിക്കുന്ന മന്ത്രിസഭയിൽ, രണ്ട് കാബിനറ്റ് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും ഉൾപ്പെടെ ജാട്ട് പ്രാതിനിധ്യം ഏകദേശം 16 ശതമാനമാണ്. എന്നിരുന്നാലും, അവരാരും സംസ്ഥാന തലത്തിൽ രാഷ്ട്രീയമായി സ്വാധീനമുള്ളവരല്ല.
അതുപോലെ ബിജെപിയുടെ സംസ്ഥാന സംഘടനയിൽ, ജാട്ട് പ്രാതിനിധ്യം ഏകദേശം 13 ശതമാനമാണ്, നിലവിൽ നാല് ജാട്ട് നേതാക്കൾ സംഘടനാ ചുമതലകൾ വഹിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ജാട്ട് സമുദായത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് വ്യത്യസ്തമായ ഒരു ചിത്രം വരച്ചുകാട്ടിയതായി തിരഞ്ഞെടുപ്പ് ഡാറ്റ കാണിക്കുന്നു.
സിക്കാർ, ജുൻജുനു, ചുരു, ശ്രീ ഗംഗാനഗർ, ബാർമർ എന്നിവയുൾപ്പെടെ നിരവധി ജാട്ട് ആധിപത്യ മണ്ഡലങ്ങളിൽ പാർട്ടി അമ്പേ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിനിടെ ജാതി അടിസ്ഥാനമാക്കിയുള്ള വിഭജനം ബാർമറിൽ പ്രകടമായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും അടുത്തിടെ നടന്ന ഒരു ഉപതിരഞ്ഞെടുപ്പിൽ ജുൻജുനു നിയമസഭാ സീറ്റ് ബിജെപി നേടി.
അതേസമയം ധൻഖറിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുന്നതിനിടെ, വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങൾക്ക് മുന്നോടിയായി രാജസ്ഥാനിലെ ജാട്ട് വോട്ടർമാരുമായി വീണ്ടും ഇടപഴകുക എന്ന നിർണായക വെല്ലുവിളിയാണ് ബിജെപി നേതാക്കൾക്കു മുന്നിൽ ഇപ്പോഴുള്ളത്.