തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി ഷേയ്ക്ക് ദർവേഷ് സാഹിബിന്റെ നിർദ്ദേശം. വി.ഐ.പികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിലെ അമിത വേഗം, റെഡ് സിഗ്നൽ മറികടക്കൽ എന്നിവയ്ക്കാണ് ഇളവ്. എന്നാൽ, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാതിരുന്നാൽ പിഴ ഒടുക്കണം. നിശ്ചിത സമയത്തിനുള്ളിൽ ഈ പിഴ അടച്ച് വിവരം ജില്ലാ പൊലീസ് മേധാവിമാരെ പൊലീസുകാർ അറിയിക്കണം.
പൊലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തിലധികം പെറ്റികളാണ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഇതോടെ നിയമം ലംഘിച്ച പൊലീസുകാരിൽ നിന്ന് 10ദിവസത്തിനകം പിഴ ഈടാക്കണമെന്ന് ഡി.ജി.പി നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ, ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായതിനാൽ പൊലീസുകാർക്ക് ഇതിനുള്ള ബുദ്ധിമുട്ട് ജില്ലാ പൊലീസ് മേധാവിമാർ ഡി.ജി.പിയെ അറിയിച്ചു. ഇതോടെയാണ് വി.ഐ.പി അകമ്പടിക്കടക്കം ഇളവ് അനുവദിച്ചത്. എന്നാൽ, പല പൊലീസ് വാഹനങ്ങളിലും സീറ്റ് ബെൽറ്റില്ലാത്തതിനൽ അതിന് പിഴ ഈടാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പൊലീസുകാർ പറയുന്നു.