മഞ്ചേരി: സ്വർണാഭരണ നിർമാണ സ്ഥാപനത്തിലെ ജീവനക്കാരെ ആക്രമിച്ച് 117 പവൻ തട്ടിയെടുത്ത സംഭവം ജീവനക്കാരിലൊരാൾ ആസൂത്രണം ചെയ്ത കവർച്ചാനാടകമെന്ന് കണ്ടെത്തൽ. മൊഴികളിൽ വൈരുധ്യം തോന്നിയതിനാൽ സംഭവം ആസൂത്രിതമാണെന്നു തുടക്കത്തിൽതന്നെ പോലീസ് സംശയിച്ചിരുന്നു. എന്നാൽ മൂന്നുമണിക്കൂറിനുള്ളിൽ കവർച്ചാ നാടകം പോലീസ് പൊളിച്ച് കയ്യിൽ കൊടുത്തത്. ഇരുമ്പുഴി സ്വദേശി മുൻഷീർ പകർത്തിയ സ്കൂട്ടറിന്റെ ചിത്രം. കാട്ടുങ്ങലിൽ നിർത്തിയിട്ട സ്കൂട്ടർ ചവിട്ടിവീഴ്ത്തി ബാഗുമായി രണ്ടുപേർ അതിവേഗംകടന്നുകളയാൻ ശ്രമിക്കുന്നതു കണ്ടപ്പോഴാണ് മുൻഷീറിന് സംശയം തോന്നിയത്.
സംഭവത്തെക്കുറിച്ച് മുൻഷീർ പറയുന്നത് ഇങ്ങനെ- ‘ശനിയാഴ്ച ആറരയോടെ കാട്ടുങ്ങൽ പുളിയേങ്ങൽ പാലത്തിനു സമീപമെത്തിയപ്പോൾ ഒരു സ്കൂട്ടർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു. സമീപത്തെ 2 കടകൾ തുറന്നിട്ടുണ്ട്. പൊടുന്നനെ മഞ്ചേരി ഭാഗത്തു നിന്നു ബൈക്കിൽ എത്തിയ രണ്ടുപേർ സ്കൂട്ടർ മറിച്ചിട്ട്, അതിന്റെ കൊളുത്തിൽ തൂക്കിയിട്ടിരിക്കുന്ന ബാഗ് കൈക്കലാക്കിയ ശേഷം മലപ്പുറം ഭാഗത്തേക്കു വിട്ടു. സ്കൂട്ടറിനടുത്തു നിന്നയാൾ ഉറക്കെ ബഹളം വയ്ക്കുന്നുണ്ടായിരുന്നു. എന്തോ കവർന്നതാണെന്നു മനസ്സിലായതോടെ ഞാൻ ബൈക്ക് മലപ്പുറം ഭാഗത്തേക്കു വിട്ടു. മുണ്ടുപറമ്പ് പെട്രോൾ പമ്പിനു സമീപമെത്തിയപ്പോൾ ബൈക്കിൽ പെട്രോൾ കഴിയാറായിരുന്നു. അതിനു മുൻപേ ബൈക്കിന്റെ നമ്പർ പ്ലേറ്റ് കാണുന്നവിധം ഫോട്ടോയെടുത്തു.
പെട്രോൾ അടിച്ച ശേഷം ഞാൻ തിരിച്ച് ഇരുമ്പുഴിയിലേക്കു പോയി. ബൈക്കിന്റെ ഫോട്ടോ സ്കൂട്ടറിനു സമീപമുണ്ടായിരുന്ന ഒച്ചയിട്ടയാൾക്കു കൈമാറാമെന്നു വിചാരിച്ചെങ്കിലും തിരിച്ചെത്തിയപ്പോൾ സ്കൂട്ടറോ അയാളെയോ അവിടെ കണ്ടില്ല. നോമ്പു തുറന്നു തിരിച്ചുവരുമ്പോൾ അവിടെ പോലീസിനെ കണ്ടു. സ്വർണക്കവർച്ചയാണെന്നു മനസിലായി. സംഭവം വിശദീകരിച്ച ശേഷം മൊബൈലിൽ എടുത്ത ഫോട്ടോ പോലീസിനു കൈമാറി. വലിയൊരു കുറ്റകൃത്യത്തിനു തുമ്പുണ്ടാക്കാൻ ചെറിയ ഇടപെടൽ നടത്താനായതിൽ സന്തോഷം’.
അതേസമയം സ്ഥാപനത്തിലെ ജീവനക്കാരനായ തിരൂർക്കാട് കടവത്ത് ശിവേഷ് (24) ആണു മുഖ്യ ആസൂത്രകനെന്നു പോലീസ്. സഹോദരൻ ബെൻസു (39), സുഹൃത്ത് വലമ്പൂർ സ്വദേശി ഷിജു (28) എന്നിവരെ കൂട്ടുചേർത്തു സ്വർണം തട്ടിയെടുക്കാൻ ശിവേഷ് ഒരുക്കിയ പദ്ധതിയായിരുന്നു കവർച്ചയെന്നു ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. സംഭവത്തിൽ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 6.30നു മലപ്പുറം–മഞ്ചേരി റോഡിൽ ഇരുമ്പുഴി കാട്ടുങ്ങലിലായിരുന്നു സംഭവം.
മുൻഷീർ പോലീസിന് കൈമാറിയ ചിത്രത്തിലെ സ്കൂട്ടറിന്റെ നമ്പർ കൃത്രിമമാണെന്ന് ആദ്യമേ കണ്ടെത്തിയുരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. ഇതിൽ പെട്ടെന്ന് പ്രയോജനപ്പെട്ടത് മുൻഷീർ എടുത്ത ചിത്രമായിരുന്നു. നമ്പർപ്ലേറ്റിലെ രണ്ടക്കങ്ങൾ മാറ്റിയതിനാൽ വാഹനത്തിന്റെ ആർസി ഉടമയെ കണ്ടെത്താനായിരുന്നു പിന്നീടുള്ള ശ്രമം. പരിശോധനകൾക്കൊടുവിൽ പ്രതികളിലൊരാളുടെ ബന്ധുവിന്റെ സ്കൂട്ടറാണെന്ന് കണ്ടെത്തി.
പിന്നാലെ ശിവേഷിന്റെ മൊഴിയുമായപ്പോൾ ആ വഴിക്കായി അന്വേഷണം. അങ്ങനെ പോലീസ് സംഘം തിരൂർക്കാട് വലമ്പൂരിൽ ബെൻസുവിനെയും കൂട്ടാളിയെയും അന്വേഷിച്ചെത്തി. സ്വർണം വീട്ടിലൊളിപ്പിച്ച് ഇരുവരും സമീപത്തെ ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തേക്കുപോയിരുന്നു. അവിടെയെത്തിയ പോലീസ് ബെൻസുവിനെ പിടിച്ചു. കൂട്ടാളിയായ ഷിജു ഓടി രക്ഷപ്പെട്ടു. ഇയാളെ ഞായറാഴ്ച പത്തുമണിയോടെ കസ്റ്റഡിയിലെടുത്തു. അങ്ങനെ പരാതിക്കാരനാകേണ്ടിയിരുന്നയാൾ അന്വേഷണത്തിന്റെ ആദ്യ മണിക്കൂറുകളിൽത്തന്നെ സ്വർണക്കവർച്ചയുടെ സൂത്രധാരനായി. ശിവേഷിന്റെ ക്രിമിനൽ പശ്ചാത്തലം കൂടിയായപ്പോൾ പോലീസ് ഒന്നുകൂടി ഉറപ്പിച്ചു. പലയിടങ്ങളിലായി ലഹരിക്കടത്ത്, അടിപിടി, പോക്സോ കേസുകളിൽ പ്രതിയാണ് ശിവേഷ്. അതേസമയം ജുവല്ലറി ഉടമയ്ക്കും തെറ്റുപറ്റിയതായി പോലീസ്. ജീവനക്കാരെ ജോലിക്കു നിയമിക്കുമ്പോൾ അവരുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കണം. അതിനുള്ള സൗകര്യവും പോലീസിലുണ്ട്. പോലീസ് സ്റ്റേഷനുകളിൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങാൻ സംവിധാനമുണ്ടായിരിക്കേയാണ് ഈ വീഴ്ച.
ഇത്രയും വിലപിടിപ്പുള്ള വസ്തു കൈകാര്യം ചെയ്യുന്ന വ്യക്തിയെക്കുറിച്ചു പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്നതു ഗൗവരത്തോടെയാണു പോലീസ് കാണുന്നത്. വെറും 540 രൂപ നൽകിയാൽ പോലീസ് സ്റ്റേഷനിൽ നിന്നു ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. ജോലിക്കെടുക്കുന്ന വ്യക്തിക്കു ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതുവഴി അറിയാനാകും. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റില്ലാതെ ആരെയും കടകളിൽ ജോലിക്കെടുക്കരുതെന്നു വ്യാപാരികളോടു നിർദേശിക്കുമെന്നു പോലീസ് അറിയിച്ചു.