ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ നബിദിന ആഘോഷത്തിനിടെ ‘ഐ ലവ് മുഹമ്മദ്’ ബാനറുകൾ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾക്കും എഫ്‌ഐആറുകൾക്കും അറസ്റ്റുകൾക്കും കാരണമായി. സെപ്റ്റംബർ 4ന് കാൺപൂരിലെ റാവത്പൂർ പ്രദേശത്ത് ഒരു മുസ്‌ലിം സംഘടനാ പരമ്പരാഗത നബിദിന ഘോഷയാത്രയ്ക്കിടെ ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനർ പ്രദർശിപ്പിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. തുടർന്നുണ്ടായ പ്രതിഷേധത്തെ തുടർന്ന് 21 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,400 മുസ്‌ലിംകൾ പ്രതികളാകുകയും ചെയ്തതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എപിസിആർ) അറിയിച്ചു. ഇതിൽ 38 പേർ അറസ്റ്റിലായിട്ടുണ്ട്. ഉത്തർപ്രദേശിൽ മാത്രം 16 എഫ്‌ഐആറുകളും 1,000-ത്തിലധികം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്.
പൊലീസ് നടപടി വ്യവസ്ഥാപിത പക്ഷപാതത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അവകാശ സംഘടനകൾ ആരോപിക്കുന്നു. ‘പ്രവാചകനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചതിന് ആളുകളെ ലക്ഷ്യം വെക്കുന്നത് മൗലികാവകാശങ്ങളുടെ കടുത്ത ലംഘനമാണ്. സമാധാനപരമായ മതപ്രകടനം ഒരിക്കലും കുറ്റകൃത്യമല്ല.’ എപിസിആർ ദേശീയ സെക്രട്ടറി നദീം ഖാൻ പറഞ്ഞു. സുപ്രിം കോടതിയിൽ ഒരു റിട്ട് ഹരജിയിലൂടെയോ അല്ലെങ്കിൽ ഒരു പൊതുതാൽപ്പര്യ ഹരജിയിലൂടെയോ ജുഡീഷ്യൽ ഇടപെടൽ തേടാൻ പദ്ധതിയിടുന്നതായും എപിസിആർ പറഞ്ഞു.ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ 196, 299 വകുപ്പുകൾ പ്രകാരം ശത്രുത പ്രോത്സാഹിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് എഫ്‌ഐആർ ഫയൽ ചെയ്തത്.
കാൺപൂർ എഫ്‌ഐആറിനെതിരെ ലഖ്‌നൗ, ഉന്നാവോ, കാശിപൂർ (ഉത്തരാഖണ്ഡ്), ഗോദ്ര (ഗുജറാത്ത്), മുംബൈ (മഹാരാഷ്ട്ര), ബഹ്‌റൈച്ച് (ഉത്തർപ്രദേശ്) തുടങ്ങിയ നഗരങ്ങളിൽ ‘ഐ ലവ് മുഹമ്മദ്’ ബാനറുകൾ ഉയർത്തി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ഇത് കൂടുതൽ എഫ്‌ഐആറുകളിലേക്കും അറസ്റ്റുകളിലേക്കും നയിച്ചു.