കണ്ണൂർ: പോലീസിന്റെ സാന്നിധ്യത്തിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ കൂട്ടുകാരുമായി മദ്യം കഴിച്ചെന്ന കണ്ടെത്തലിൽ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ. അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
ഇക്കഴിഞ്ഞ ജൂൺ പതിനേഴാം തീയതിയായിരുന്നു സംഭവം. ടിപി വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നീ പ്രതികൾ പോലീസ് സാന്നിധ്യത്തിൽ മദ്യപിച്ചു എന്നായിരുന്നു ആരോപണം. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി മൂന്നിൽ പ്രതികളെ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം.
പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതായി കോടതി പിരിഞ്ഞിരുന്നു. ഈ സമയം ഭക്ഷണം വാങ്ങി നൽകുന്നതിനായി പ്രതികളെ പോലീസ് സമീപത്തെ വിക്ടോറിയ ഹോട്ടലിൽ എത്തിച്ചു. ഈ സമയം ഇവരുടെ സുഹൃത്തുക്കൾ ഇവിടേക്കു എത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ പ്രതികൾ മദ്യം കഴിച്ചു എന്നുമായിരുന്നു പരാതി. ഇതിന് പിന്നാലെ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയും പോലീസിന് വീഴ്ച സംഭവിച്ചതായി വ്യക്തമാകുകയും ചെയ്തിരുന്നു.