കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തു സ്ത്രീകളെ എത്തിച്ച് അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളെ തുടർന്ന് 2 പൊലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നീ പ്ര തികളെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിൽ നടത്തിപ്പുകാരിയുമായി സിറ്റിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർ നേരത്തെ ഫോണിൽ ബന്ധപ്പെട്ടതായാണു വിവരം. കൂടുതൽ തെളിവു ശേഖരിക്കാൻ പൊലീസ് മൊബൈൽ ഫോൺ സിഡിആർ പരിശോധിക്കുന്നുണ്ട്. ആരോപണത്തെ തുടർന്നു പൊലീസുകാരായ ഇരുവരെയും നിലവിൽ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു മാറ്റിയതായി അറിയുന്നു.അറസ്റ്റിലായ ബിന്ദുവിനെതിരെയുള്ള പരാതിയിൽ 2022ൽ മെഡിക്കൽ കോളജ് പൊലീസ് നോട്ടിസ് നൽകി വിട്ടയച്ചിരുന്നു.
ഈ സമയത്ത്, ആരോപണ വിധേയരായ പൊലീസുകാർ ഫോണിൽ ബന്ധപ്പെട്ടതായാണു പറയുന്നത്. രണ്ടു വർഷത്തിനു ശേഷമാണ് സംഘം മലാപ്പറമ്പിൽ താവളമാക്കിയത്. പ്രതികൾക്ക് അനാശാസ്യ കേന്ദ്രം നടത്താൻ പുറമേ നിന്നു സഹായം ലഭിച്ചതായി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ സൂചന ലഭിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസുകാരുടെ പങ്ക് അന്വേഷിക്കുന്നത്. പ്രതിയുടെ ഫോണിലെ വിശദാംശങ്ങളും സിം വിവരങ്ങളും ലഭ്യമായാലേ കൂടുതൽ നടപടിയിലേക്കു കടക്കാനാവൂ എന്ന നിലപാടിലാണ് പൊലീസ്.

















































