കുന്നംകുളം: രണ്ടു വർഷം മുൻപ് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസുകാർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വിഎസിനാണ് മർദനമേറ്റത്. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് സംഭവം നടക്കുന്നത്. ദൃശ്യങ്ങൾ കിട്ടാൻ സുജിത്ത് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. തുടർന്നു നടത്തിയ നിയമപോരാട്ടം നടത്തിയതിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.
കുന്നംകുളം പോലീസാണ് മർദിച്ചത്. വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മർദനം. 2023 ഏപ്രിൽ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നത്. സുഹൃത്തുക്കളോട് പോലീസുകാർ വളരെ മോശമായി പെരുമാറിയതിന് പിന്നാലെ സുജിത്ത് ഇടപെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ സുജിത്തിനെ പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. പോലീസ് സ്‌റ്റേഷനിലെത്തിച്ചയുടനെ അദ്ദേഹത്തെ മർദിക്കുകയായിരുന്നു. ആദ്യം ഒരു മുറിയിലിട്ട് മർദിക്കുകയും പിന്നീട് മറ്റൊരു മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു. നാല് പോലീസുകാർ ചേർന്നാണ് സുജിത്തിനെ മർദിക്കുന്നത്. എസ്‌ഐയായിരുന്ന നുഹ്‌മാൻ, സിപിഒമാരായിരുന്ന ശശിധരൻ, സന്ദീപ്, സജീവൻ എന്നീ പോലീസുകാരാണ് സംഭവത്തിൽ ഉൾപ്പെട്ടത്.
മർദനത്തിനു പിന്നാലെ പോലീസ് സുജിത്തിനെതിരേ കേസെടുക്കുകയും ചെയ്തു. മദ്യപിച്ച് പോലീസുകാരോട് തട്ടിക്കയറി കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്. എഫ്‌ഐആർ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് മനസിലാക്കിയ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം നടത്തിയ വൈദ്യ പരിശോധനയിൽ പോലീസ് മർദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സുജിത്ത് പോലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പോലീസ് ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ തയാറായില്ല. തുടർന്ന് സുജിത്ത് കോടതിയെ സമീപിക്കുകയും കോടതി നേരിട്ട് കേസെടുക്കുകയുമായിരുന്നു.
പിന്നാലെ സുജിത്ത് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടെങ്കിലും പോലീസ് നൽകാൻ തയ്യാറായിരുന്നില്ല. സുജിത്ത് നൽകിയ അപ്പീൽ അപേക്ഷയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ പോലീസ് സ്റ്റേഷനിലെ CCTV ദൃശ്യങ്ങൾ നൽകാൻ ഉത്തരവിട്ടു. വിവരാവകാശ കമ്മീഷൻ പോലീസിനെയും സുജിത്തിനെയും നേരിട്ട് വിളിച്ചു വരുത്തി രണ്ട് പേരുടെയും വാദം കേട്ട് സുജിത്ത് ആവശ്യപ്പെട്ട CCTV ദൃശ്യങ്ങൾ നൽകുവാൻ കർശന നിർദേശം നൽകുകയായിരുന്നു. സംഭവത്തിൽ സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരേ കേസെടുക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.